ലണ്ടൻ: കൊറോണ വൈറസ് വ്യാപനം മൂലം നിർത്തിവെച്ച ഇംഗ്ലിഷ് പ്രീമിയർ ലീഗ് മത്സരങ്ങൾ ജൂൺ എട്ടോടെ പുനരാരംഭിക്കാൻ ധാരണയായതായി റിപ്പോർട്ട്. ഇതിനായി പ്രോജക്ട് റീസ്റ്റാർട്ട് എന്ന് പേരിട്ടിരിക്കുന്ന ഒരു പദ്ധതിയും പ്രീമിയർ ലീഗ് അധികൃതർ തയ്യാറാക്കിയതായി ബ്രിട്ടീഷ് മാധ്യമം ദ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കോവിഡ് ഭീഷണിയെ തുടർന്ന് മാർച്ച് 13-നാണ് ഇംഗ്ലിഷ് പ്രീമിയർ ലീഗ് മത്സരങ്ങൾ നിർത്തിവെച്ചത്. ജൂൺ എട്ടിന് മത്സരങ്ങൾ പുനരാരംഭിച്ച് ജൂലായ് 27-ന് ലീഗ് അവസാനിക്കുന്ന തരത്തിലാണ് നിർദേശങ്ങൾ. ശേഷിക്കുന്ന 92 മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയങ്ങളിൽ നടത്തുക എന്നതാണ് പ്രോജക്ട് റീസ്റ്റാർട്ടിലെ പ്രധാന നിർദേശം. മാധ്യമപ്രവർത്തകർ ഉൾപ്പെടെ പരമാവധി 400 പേർക്ക് മാത്രമാകും പ്രവേശനം അനുവദിക്കുക. ഇവർക്കെല്ലാം കോവിഡ് പരിശോധനകൾക്ക് ശേഷമാകും പ്രവേശനം അനുവദിക്കുക. കളിക്കാർ, പരിശീലകർ, ടെക്നിക്കൽ സ്റ്റാഫ്, മറ്റ് ഒഫീഷ്യലുകൾ എന്നിവർ ഉൾപ്പെടെയാണിത്. ജൂലായ് 27-ന് മത്സരങ്ങൾ അവസാനിപ്പിച്ച് ഓഗസ്റ്റിൽ പുതിയ സീസൺ തുടങ്ങാനും നിർദേശമുണ്ട്. മേയ് പകുതിയോടെ കളിക്കാർക്ക് പരിശീലനത്തിന് ഇറങ്ങാനാകുമെന്നാണ് പ്രതീക്ഷ. Content Highlights:covid 19 The Premier League is eyeing a resumption of the season in June
from mathrubhumi.latestnews.rssfeed https://ift.tt/3aFxwDU
via
IFTTT