Breaking

Sunday, April 26, 2020

അർണബ് ഗോസ്വാമിയെ വിലക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കളുടെ ഹർജി

മുംബൈ: പാൽഘറിലെ ആൾക്കൂട്ട ആക്രമണത്തെപ്പറ്റി തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ നൽകുന്ന റിപ്പബ്ലിക് ടി.വി.ക്കും എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കും വിലക്കേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ ബോംബെ ഹൈക്കോടതിയിൽ ഹർജിനൽകി. കഴിഞ്ഞദിവസം അർണബിനെ ആക്രമിച്ചെന്ന പരാതിയിൽ അറസ്റ്റിലായ രണ്ടുപേരും യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പാൽഘറിൽ രണ്ട് സന്ന്യാസിമാരെയും ഡ്രൈവർമാരെയും നാട്ടുകാർ സംഘടിച്ച് തല്ലിക്കൊന്ന സംഭവം വർഗീയവത്കരിക്കാനാണ് അർണബ് ഗോസ്വാമി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവും മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവുമായ ഭായ് ജഗ്താപും സംസ്ഥാന യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് സുരാജ് സിങ് ഠാക്കൂറും ഹർജിയിൽ ചൂണ്ടിക്കാണിച്ചു. പാൽഘറിൽ കൊല്ലപ്പെട്ടവരും ആക്രമണം നടത്തിയവരും ഒരേ മതത്തിൽപ്പെട്ടവരാണെന്ന് സ്ഥിരീകരിച്ചിരിക്കെയാണ് വ്യാജപ്രചാരണം. സംഭവവുമായി കോൺഗ്രസ് നേതാവ് സോണിയാഗാന്ധിയെ ബന്ധപ്പെടുത്താനും ശ്രമം നടക്കുന്നുണ്ട്. ഇതിന്റെ പേരിൽ അർണബിനും റിപ്പബ്ലിക് ടി.വി.ക്കുമെതിരേ ഒട്ടേറെ പോലീസ് സ്റ്റേഷനുകളിൽ പരാതി ലഭിച്ചിട്ടുണ്ട്. ഇവയുടെ അന്വേഷണം തീരുന്നതുവരെ അർണബ് ഗോസ്വാമി ടെലിവിഷൻ പരിപാടികൾ അവതിരിപ്പിക്കുന്നത് വിലക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. എതെങ്കിലും ടെലിവിഷൻ ചാനലിനോട് സംസാരിക്കുന്നതിൽനിന്ന് അർണബിനെ തടയണമെന്നും ഹർജികളിൽ ആവശ്യപ്പെടുന്നു. സോണിയാഗാന്ധിയെ അപകീർത്തിപ്പെടുത്തിയെന്ന പരാതികളിൽ അർണബിനെ അറസ്റ്റുചെയ്യുന്നത് മൂന്നാഴ്ചത്തേക്ക് സുപ്രീംകോടതി വെള്ളിയാഴ്ച തടഞ്ഞിട്ടുണ്ട്. സംഭവത്തിൽ നാഗ്പുരിലെ പോലീസ് സ്റ്റേഷനിലുള്ളത് ഒഴികെയുള്ള എല്ലാ കേസുകളിലും തുടർനടപടി നിർത്തിവെക്കാനും ഈ കേസ് മുംബൈയിലേക്ക് മാറ്റാനും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. തന്നെ ആക്രമിച്ചെന്നാരോപിച്ച് അർണബ് നൽകിയ പരാതിക്കൊപ്പമാവും ഇത് കൈകാര്യംചെയ്യുക.വ്യാഴാഴ്ച പുലർച്ചെ റിപ്പബ്ലിക് ടി.വി. ആസ്ഥാനത്തുനിന്ന് വർളിയിലെ വീട്ടിലേക്കു പോകുമ്പോൾ സ്കൂട്ടറിലെത്തിയ രണ്ടുപേർ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നെന്നാണ് അർണബിന്റെ പരാതി. അറസ്റ്റിലായ അരുൺ ബൊറാഡേയും പ്രതീക് ശർമയും വർഷങ്ങളായി യൂത്ത് കോൺഗ്രസിൽ പ്രവർത്തിച്ചുവരുന്നവരാണെന്ന് മുംബൈ പോലീസ് അറിയിച്ചു. നിയമവിദ്യാർഥിയായ അരുൺ ബൊറാഡേ സയൺ കോളിവാഡയിൽനിന്നുള്ള ദളിത് നേതാവുകൂടിയാണ്. സോണിയാഗാന്ധിക്കുനേരെ അവഹേളനപരമായ പരാമർശങ്ങൾ നടത്തിയതിൽ പ്രകോപിതരായാണ് തങ്ങൾ അദ്ദേഹത്തെ ആക്രമിക്കാൻ ശ്രമിച്ചതെന്ന് ഇരുവരും പറഞ്ഞതായി പോലീസ് അറിയിച്ചു. മറ്റാരുടെയും പ്രേരണയാലല്ല ഇതുചെയ്തതെന്നും അവർ പോലീസിനോടു പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2Sbhn2W
via IFTTT