തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം ശനിയാഴ്ചയോടെ എത്തുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ 9, 10, 11 തീയതികളിൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മണിക്കൂറിൽ 35-45 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ ലക്ഷദ്വീപ്, മാലദ്വീപ് ഭാഗങ്ങളിലും തെക്കുകിഴക്കൻ അറബിക്കടലിലും മാന്നാർ കടലിടുക്കിലും ഈ ദിവസങ്ങളിൽ മീൻപിടിക്കാൻ പോകരുതെന്നും മുന്നറിയിപ്പുണ്ട്. അറബിക്കടലിൽ മധ്യപടിഞ്ഞാറൻ ഭാഗത്തായി ഞായറാഴ്ചയോടെ രൂപംകൊള്ളുന്ന ന്യൂനമർദവും തെക്കുപടിഞ്ഞാറൻ മൺസൂണിന് അനുകൂലമാണ്. കേരള-കർണാടക തീരക്കടലിൽ തീരത്തുനിന്നകന്ന് വടക്കു പടിഞ്ഞാറൻ ദിശയിൽ ന്യൂനമർദം നീങ്ങിയേക്കുമെന്നാണ് കണക്കുകൂട്ടൽ. ഇതു വടക്കൻ സംസ്ഥാനങ്ങളിലേക്കു കാലവർഷത്തെ നയിക്കുമെന്നാണ് കരുതുന്നത്. നാലു ജില്ലകളിൽ റെഡ് അലർട്ട് തിങ്കളാഴ്ച തൃശ്ശൂർ ജില്ലയിലും ചൊവ്വാഴ്ച എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമോ അതിശക്തമോ ആയ മഴ പ്രതീക്ഷിക്കുന്നു. ജാഗ്രത പാലിക്കാനും ക്യാമ്പുകൾ തയ്യാറാക്കുന്നതുൾപ്പെടെ മുന്നൊരുക്കം നടത്താനും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി. ഓറഞ്ച് അലർട്ട് ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ചൊവ്വാഴ്ച കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. യെല്ലോ അലർട്ട് ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും തിങ്കളാഴ്ച കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലും ചൊവ്വാഴ്ച വയനാട് ജില്ലയിലും നേരത്തേതന്നെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. content highlights:Monsoon will hit kerala from today
from mathrubhumi.latestnews.rssfeed http://bit.ly/2XwFSs3
via
IFTTT