Breaking

Saturday, November 27, 2021

തെറ്റുതിരുത്തുന്നവർക്ക് തിരിച്ചുവരാം -ശ്രേയാംസ് കുമാർ

തിരുവനന്തപുരം: തെറ്റിദ്ധാരണകൾ ചർച്ച ചെയ്തുതീർക്കാനും വിയോജിച്ചുനിൽക്കുന്നവർക്ക് തെറ്റുതിരുത്തി തിരിച്ചുവരാനും എന്നും പാർട്ടിയിൽ അവസരമുണ്ടെന്ന് എൽ.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ എം.പി. പറഞ്ഞു. ഒരുമിച്ചുപോകുകയും പാർട്ടി ശക്തമായി നിലനിൽക്കുകയുമാണ് വേണ്ടത്. അതിന് ചർച്ചയ്ക്ക് ഒരുക്കമാണ്. അതിന് തയ്യാറാകുന്നവർക്കു മുമ്പിൽ വാതിലടച്ചിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള എൻ.ജി.ഒ. സെന്ററിന്റെ സംസ്ഥാന നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രേയാംസ് കുമാർ. പാർട്ടിയിലെ കാര്യങ്ങൾ പാർട്ടിക്കകത്താണ് പറയേണ്ടത്. പൊതുവേദിയിൽ വിശദീകരിക്കാൻ തയ്യാറല്ല. പക്ഷേ, ഇല്ലാത്തകാര്യങ്ങൾ പറയുകയും ഓരോരുത്തരും തോന്നുന്ന രീതിയിൽ സംഘടനാകാര്യങ്ങൾ വ്യാഖ്യാനിക്കുകയും ചെയ്യുന്നത് ശരിയല്ല. ദേശീയതല ചുമതലയുള്ളവർക്കെതിരേ നടപടിയെടുക്കാൻ കഴിയില്ലെന്നത് അത്തരമൊരു വ്യാഖ്യാനമാണ്. സംസ്ഥാന പ്രസിഡന്റ് നോമിനേറ്റ് ചെയ്തതും ദേശീയ നേതൃത്വം അംഗീകരിച്ചതുമായ സ്ഥാനമാണ് അതെന്നുമാത്രമേ ഇപ്പോൾ പറയുന്നുള്ളൂവെന്നും സസ്പെൻഷൻ നടപടിക്ക് വിധേയമായ വി. സുരേന്ദ്രൻ പിള്ളയുടെ ആരോപണത്തിന് മറുപടിയെന്നോണം ശ്രേയാംസ് കുമാർ പറഞ്ഞു. തെറ്റിദ്ധാരണ മാറ്റി തിരിച്ചുവരാൻ ചിലർ തയ്യാറായിട്ടുണ്ട്. എന്നാൽ, കൂടെനിൽക്കുന്ന ചിലരുടെ വലയങ്ങളിൽനിന്ന് മോചനംനേടാൻ അവർക്ക് കഴിയുന്നില്ല. പാർട്ടി പിളരുകയാണെന്ന വിമതവിഭാഗത്തിന്റെ അവകാശവാദം ചൂണ്ടിക്കാട്ടിയപ്പോൾ അത് ഭാവനാസൃഷ്ടിയാണെന്ന് അദ്ദേഹം പിന്നീട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഒന്നോ രണ്ടോ പേർ പാർട്ടിയിൽനിന്ന് പോകുന്നത് പിളർപ്പാകില്ല. അച്ചടക്കലംഘനത്തിന്റെ വ്യാപ്തി അനുസരിച്ചുള്ള നടപടിപോലും അത് ചെയ്തവർക്കെതിരേ സ്വീകരിച്ചിട്ടില്ല. ഒരുമിച്ചിരുന്ന് സംസാരിച്ച് തീർക്കേണ്ടത് അങ്ങനെ തീർക്കണമെന്നാണ് അഭിപ്രായം. അതിന് തയ്യാറാകുന്നില്ലെങ്കിൽ അതനുസരിച്ച് പാർട്ടിക്കും മുന്നോട്ട് പോകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/319GVVy
via IFTTT