Breaking

Monday, February 11, 2019

സി.പി.എം. നേതാവിന്റെ മണ്ണെടുപ്പ് സബ് കളക്ടര്‍ ഇടപെട്ട് നിര്‍ത്തിച്ചു; മൂന്നാറില്‍ മൂന്ന് നിയമലംഘനം

മൂന്നാർ: സി.പി.എം. നേതാവിന്റെ അനധികൃത മണ്ണെടുപ്പ് സബ്കളക്ടർ ഇടപെട്ട് നിർത്തിവയ്പിച്ചു. ടൗണിനു സമീപം ഇക്കാനഗറിൽ എം.എൽ.എ.യുടെ വീടിനുസമീപം താമസിക്കുന്ന നേതാവിന്റെ മണ്ണെടുപ്പാണ് തഹസിൽദാരെത്തി നിർത്തിവയ്പിച്ചത്. രണ്ടുദിവസമായി ജെ.സി.ബി. ഉപയോഗിച്ച് ഇയാൾ വൻതോതിൽ മണ്ണ് നീക്കംചെയ്തുവരികയായിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ ഭൂമി കൈയേറിയാണ് നേതാവ് വീടുെവച്ചിരുന്നത്. വീടിനോടു ചേർന്നുള്ള സ്ഥലത്തെ മണ്ണാണ് പുതിയ നിർമാണപ്രവർത്തനം നടത്തുന്നതിനായി നീക്കംചെയ്തുകൊണ്ടിരുന്നത്. തഹസിൽദാർ സ്റ്റോപ്പ് മെമ്മോ നൽകിയശേഷം, ഞായറാഴ്ച ഉച്ചകഴിഞ്ഞ് സബ്കളക്ടർ ഡോ.രേണുരാജ് സ്ഥലം സന്ദർശിച്ച് മൂന്നാർ വില്ലേജ് ഓഫീസറോട് ഭൂമി സംബന്ധിച്ച റിപ്പോർട്ട് നൽകാൻ ഉത്തരവിട്ടു. മൂന്നാർ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ്: നടന്നത് മൂന്ന് നിയമലംഘനം... മൂന്നാർ: പഴയ മൂന്നാർ ബസ്സ്റ്റാൻഡിലെ പഞ്ചായത്തിന്റെ ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിൽ റവന്യൂസംഘം കണ്ടെത്തിയത് മൂന്നുതരത്തിലുള്ള നിയമലംഘനം. മൂന്നാർ മേഖലയിലെ ഏഴു വില്ലേജിൽ നിർമാണനിരോധനം നിലവിലുണ്ട്. ചെറിയ വീടുകൾക്കു മാത്രമാണ് ഇതിൽ ഇളവുള്ളത്. വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾ ഇളവിൽപ്പെടുന്നില്ല. ഹൈക്കോടതിയുടെ ഈ ഉത്തരവു നിലനിൽക്കേയാണ് പഞ്ചായത്ത് 60 മുറിയുള്ള ബഹുനില ഷോപ്പിങ് കോംപ്ലക്സ് നിർമാണവുമായി മുന്നോട്ടുപോയതും, അതു നിർത്തിവെക്കാൻചെന്ന റവന്യൂസംഘത്തെ ആളെക്കൂട്ടി തടഞ്ഞതും. ഈ ആൾക്കൂട്ടത്തിന് ഭരണകക്ഷിയായ എൽ.ഡി.എഫിന്റെ എം.എൽ.എ. നേതൃത്വം നൽകിയതാണ് ഇപ്പോൾ വിവാദമായത്. വാണിജ്യാവശ്യത്തിനുള്ള കെട്ടിടനിർമാണത്തിന് എൻ.ഒ.സി.യും കിട്ടിയിരുന്നില്ല. റവന്യൂ വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോയും അവഗണിച്ചായിരുന്നു പഞ്ചായത്തിന്റെ കെട്ടിടനിർമാണം. നദീതീരത്ത് അമ്പതുമീറ്ററിനുള്ളിൽ കെട്ടിടം പണിയാൻ പാടില്ലെന്ന നിയമവും ലംഘിച്ചു. പ്രളയത്തിൽ വെള്ളം കയറിയ ഭാഗമാണിത്. കൂടുതൽ പഠനങ്ങൾക്കുശേഷമേ ഇവിടെ നിർമാണം നടത്താൻ പാടുള്ളൂ എന്നും വാദമുണ്ട്. കെട്ടിടം പണിതത് പഞ്ചായത്തിന്റെ ഭൂമിയിലായിരുന്നില്ല എന്നതാണ് ഏറെ വിചിത്രം. കണ്ണൻദേവൻ കമ്പനിക്ക് സർക്കാർ പാട്ടത്തിനു കൊടുത്ത ഭൂമിയാണിത്. മൂന്നാർ ടൗണിലെ ട്രാഫിക് പ്രശ്നം രൂക്ഷമായപ്പോൾ വാഹനം പാർക്കുചെയ്യാൻവേണ്ടി പഞ്ചായത്തിന് സ്ഥലം കമ്പനി കൈമാറിയിരുന്നു. പിന്നീടത് ബസ്സ്റ്റാൻഡ് പോലെയായി. പക്ഷേ, ഇതിൽ നിർമാണപ്രവർത്തനങ്ങൾ നടത്താൻ പഞ്ചായത്തിന് അവകാശമില്ല. അങ്ങനെ വേണമെങ്കിൽ കമ്പനി ഭൂമി സർക്കാരിനു തിരികെ നൽകണം. സർക്കാർ അത് പഞ്ചായത്തിനു പതിച്ചുനൽകണം. എന്നാൽമാത്രമേ പഞ്ചായത്തിന് ഈ ഭൂമിയിൽ നിർമാണം നടത്താൻ കഴിയൂ. Content Highlights:devikulam sub collector renu raj ias given stop memo for unauthorised sand mining


from mathrubhumi.latestnews.rssfeed http://bit.ly/2Soveot
via IFTTT