Breaking

Wednesday, February 13, 2019

അതൃപ്തി പരസ്യമാക്കി പി.ജെ ജോസഫ്, കേരളയാത്ര സമാപനത്തിന് നില്‍ക്കാതെ ദുബായിലേക്ക്‌

തിരുവനന്തപുരം: കേരള കോൺഗ്രസിൽ രണ്ടാം സീറ്റിനെ ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നു. സീറ്റ് ലഭിക്കാൻ സാധ്യതയില്ലാത്തതിനാൽ മുതിർന്ന നേതാവ് പി.ജെ. ജോസഫ് അതൃപ്തി പരസ്യമാക്കി രംഗത്തെത്തി. ജോസ് കെ. മാണിയുടെ കേരളയാത്രയുടെ സമാപനസമ്മേളനത്തിൽനിന്ന് വിട്ടുനിന്നുകൊണ്ട് അതൃപ്തി അറിയിക്കാനാണ് ജോസഫിന്റെ നീക്കം. ഫെബ്രുവരി 15-നാണ് ജോസ് കെ. മാണി നയിക്കുന്ന കേരളയാത്രയുടെ സമാപനസമ്മേളനം തിരുവനന്തപുരത്ത് നടക്കുന്നത്. പരിപാടിയുടെ സമയക്രമവും വിശദാംശങ്ങളും നേരത്തെ പരസ്യമാക്കുകയും ചെയ്തിരുന്നു. എന്നാൽ സമാപനസമ്മേളനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് പി.ജെ. ജോസഫ് പരിപാടിയിൽനിന്ന് വിട്ടുനിൽക്കുമെന്ന് അറിയിച്ചിരിക്കുന്നത്. ദുബായിൽ ലോക കേരളസഭയുടെ പരിപാടിയിൽ പങ്കെടുക്കാൻ പോകേണ്ടതിനാലാണ് സമാപനസമ്മേളനത്തിൽനിന്ന് വിട്ടുനിൽക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. വ്യാഴാഴ്ച ദുബായിലേക്ക് പോകുന്ന പി.ജെ. ജോസഫ് ശനിയാഴ്ചയോടെയേ കേരളത്തിലേക്ക് തിരിച്ചെത്തുകയുള്ളു. അതേസമയം, കേരളയാത്രയുടെ കൊല്ലത്തെ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ടെന്നായിരുന്നു പി.ജെ. ജോസഫിന്റെ പ്രതികരണം. പി.ജെ. ജോസഫ് വിഭാഗം കേരള കോൺഗ്രസ് മാണിവിഭാഗത്തിൽ ലയിച്ചെങ്കിലും പാർട്ടിക്കുള്ളിൽ തർക്കങ്ങൾ നിലനിന്നിരുന്നു. തങ്ങൾക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് പി.ജെ. ജോസഫ് വിഭാഗത്തിന് തുടക്കംമുതലേ ആക്ഷേപമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ലോക്സഭ തിരഞ്ഞെടുപ്പിൽ പാർട്ടി രണ്ടാംസീറ്റ് ചോദിക്കണമെന്ന ആവശ്യമുയർന്നത്. ഇടുക്കി അല്ലെങ്കിൽ കോട്ടയം സീറ്റിൽ പി.ജെ. ജോസഫിനെ പരിഗണക്കണമെന്നും ആവശ്യമുണ്ടായി. എന്നാൽ കൂടുതൽസീറ്റുകൾ ആവശ്യപ്പെട്ട് മുന്നണിയിൽ പ്രശ്നങ്ങളുണ്ടാക്കേണ്ടെന്നാണ് കെ.എം. മാണിയുടെ തീരുമാനം. ഇതോടെയാണ് രണ്ടാം സീറ്റിനെചൊല്ലിയുള്ള തർക്കം പാർട്ടിക്കുള്ളിൽ രൂക്ഷമായത്. Content Highlights:pj joseph wont participate in jose k manis kerala yatra function, controversy in kerala congress


from mathrubhumi.latestnews.rssfeed http://bit.ly/2TIGx7v
via IFTTT