Breaking

Monday, February 11, 2019

തോറ്റ വിദ്യാര്‍ഥിക്ക് ഒന്നാം സ്ഥാനക്കാരനോട് വെറുപ്പുതോന്നാം - രാഹുലിനെതിരെ ജെയ്റ്റ്‌ലി

ന്യൂഡൽഹി: സൈന്യത്തിനും ജുഡീഷ്യറിക്കും റിസർവ് ബാങ്കിനുമെതിരെ കോൺഗ്രസ് തെറ്റായ പ്രചാരണം നടത്തുന്നുവെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി. ചികിത്സ കഴിഞ്ഞ് ശനിയാഴ്ച അമേരിക്കയിൽനിന്ന് തിരിച്ചെത്തിയ ജെയ്റ്റ്ലി ഫെയ്സ്ബുക്കിലൂടെയാണ് കോൺഗ്രസിനെതിരെ ആഞ്ഞടിച്ചത്. റഫാൽ വിഷയത്തിൽ രാഹുൽഗാന്ധിയുടെ പ്രസംഗങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള വ്യക്തിപരമായ വിരോധത്തിൽനിന്ന് ഉടലെടുത്തവയാണെന്ന് അദ്ദേഹം ആരോപിച്ചു. പരീക്ഷയിൽ തോറ്റ വിദ്യാർഥിക്ക് ഒന്നാം സ്ഥാനക്കാരനോട് വെറുപ്പ് തോന്നുക സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങൾ തകർക്കുന്നവരിൽനിന്ന് രാജ്യത്തെ സംരക്ഷിക്കാൻ സമയമായിരിക്കുന്നു. പാർലമെന്റിന്റെ ഇരുസഭകളും എല്ലാ ദിവസവും സ്തംഭപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾക്ക് എതിരെയുള്ള നീക്കം തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെയുള്ളതാണ്. അതിർത്തി കടന്നുള്ള മിന്നലാക്രമണത്തെ ആദ്യം എതിർത്ത കോൺഗ്രസ് പിന്നീട് അത് സാധാരണ നടക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടു. നെഹ്രുവും ഇന്ധിരാഗാന്ധിയും അടക്കമുള്ളവർ റിസർവ് ബാങ്ക് ഗവർണർമാരോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അത്തരത്തിലുള്ളതൊന്നും അടുത്തിടെ നടന്നിട്ടില്ല. പശ്ചിമ ബംഗാളിൽ ജനാധിപത്യം ഗുരുതരമായ വെല്ലുവിളി നേരിടുകയാണ്. ബിജെപി നേതാക്കളെ സംസ്ഥാനത്ത് കാലുകുത്തുവാനോ രഥയാത്ര നടത്തുവാനോ അനുവദിക്കുന്നില്ല. കോൺഗ്രസ് പാർട്ടി ഓരോ വിഷയത്തിൽ വ്യത്യസ്ത നിലപാടുകളാണ് സ്വീകരിക്കുന്നത്. കേരളത്തിൽ ക്യാമറയ്ക്ക് മുന്നിൽ കശാപ്പ് നടത്തുകയും മധ്യപ്രദേശിൽ ഗോവധത്തിനെതിരെ ദേശസുരക്ഷാ നിയമം പ്രയോഗിക്കുകയും ചെയ്യുന്നുവെന്ന് ജെയ്റ്റ്ലി ആരോപിച്ചു. ജനാധിപത്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുതലക്കണ്ണീർ ഒഴുക്കുന്നവർ രാജ്യത്തെ കുടുംബാധിപത്യത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നു. ഛത്തീസ്ഗഢിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മാവോവാദികളുമായി കൈകോർത്തുവെന്നും ജെയ്റ്റ്ലി ആരോപിച്ചു. ജെ.എൻ.യു സംഘവുമായി രാഹുൽ തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുന്നു. അർബൻ നക്സലുകളെ കോടതിയിലടക്കം സംരക്ഷിക്കാൻ കോൺഗ്രസ് മുൻനിരയിലുണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. Content Highlights:Arun Jaitley, Rahul Gandhi, Congress


from mathrubhumi.latestnews.rssfeed http://bit.ly/2MZm2Rx
via IFTTT