Breaking

Sunday, February 10, 2019

മലപ്പുറത്ത് കുഞ്ഞാലികുട്ടി; പൊന്നാനിയിൽ ഇ ടി: മൂന്നാം സീറ്റിന്റെ കാര്യത്തിൽ ഇന്ന് നിർണായക യോഗം

ലോകസഭാ തെരഞ്ഞെടുപ്പിനുള്ള മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികളുടെ കാര്യത്തിലെ ആശയ കുഴപ്പങ്ങൾ നീങ്ങി. സിറ്റിംഗ് എംപിമാരായ പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും തന്നെ ജനവിധി തേടും. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് കുഞ്ഞാലിക്കുട്ടിയും പൊന്നാനിയിൽ നിന്ന് ഇ ടിയും വീണ്ടും മത്സരിക്കും. അതേസമയം, മൂന്നാം സീറ്റിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ മുസ്‌ലിം ലീഗ് നേതൃത്വം ഇന്ന് പാണക്കാട് യോഗം ചേരും. 

പൊന്നാനിയില്‍ നിന്ന് ഇ ടിയെ മാറ്റാന്‍ ലീഗ് ആദ്യഘട്ടത്തില്‍ നടത്തിയ ആലോചനകള്‍ പുതിയ സാഹചര്യത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. പൊന്നാനിയില്‍ നിന്ന് ഇടി മുഹമ്മദ് ബഷീറിനെ മാറ്റി സമദാനിക്കോ ഷംസുദ്ദിനോ ഫിറോസിനോ അവസരം നല്‍കാനായിരുന്നു ആലോചന. കുഞ്ഞാലിക്കുട്ടി മല്‍സരിക്കുന്നില്ലെങ്കില്‍ മലപ്പുറത്ത് ഇടിയെ മല്‍സരിപ്പിക്കാമെന്നും കണക്കുകൂട്ടിയിരുന്നു. എന്നാല്‍ അത്തരം ആലോചനകളൊക്കെ അവസാനിപ്പിച്ചാണിപ്പോള്‍ കുഞ്ഞാലിക്കുട്ടിയെയും ഇടിയെയും തന്നെ സ്ഥാനാര്‍ത്ഥികളാക്കാന്‍ തീരുമാനിച്ചത്.

മലപ്പുറത്ത് മല്‍സരിക്കാന്‍ കുഞ്ഞാലിക്കുട്ടി തന്നെ താല്പര്യം പ്രകടിപ്പിക്കുയായിരുന്നു. ഇതോടെ പൊന്നാനി സീറ്റിന്റെ കാര്യത്തിലും വീണ്ടുവിചാരമുണ്ടായി. മുത്തലാഖ് ബില്ലിലെ നിലപാടോടെ അണികളുടെ ഇടയില്‍ വീണ്ടും വികാരമായി മാറിയ ഇ ടിയെ പൊന്നാനിയില്‍ നിന്നും പിന്‍വലിക്കുന്നത് തിരിച്ചടിയാണെന്ന് നേതൃത്വം വിലയിരുത്തി.

മൂന്നാം സീറ്റിനുവേണ്ടി കോണ്‍ഗ്രസിനുമേല്‍ മുസ്‌ലിംലീഗിന്റെ സമ്മര്‍ദമുണ്ടാവില്ലെന്ന് സൂചന. ഞായറാഴ്ച പാണക്കാട്ട് ചേരുന്ന മുസ്‌ലിംലീഗ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നത് തീരുമാനിക്കും. പാര്‍ട്ടിയിലെ എല്ലാ എംഎല്‍എമാരും എംപിമാരും യോഗത്തില്‍ പങ്കെടുക്കും.

ദേശീയരാഷ്ട്രീയത്തില്‍ നിര്‍ണായകമെന്ന് കരുതുന്ന ഈ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍തന്നെ ഒരു സീറ്റിന്റെ കാര്യംമാത്രം ഒരു വിഷയമായി ചര്‍ച്ചചെയ്തു മുന്നോട്ടുപോകുന്നത് ഉചിതമല്ലെന്ന വിചാരമാണ് ഈ നിലപാടിന് കാരണമെന്നാണ് സൂചന. എന്നാല്‍ ലീഗിനുള്ളിലും പാര്‍ട്ടിയുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന സമസ്തയിലും മൂന്നാമതൊരു സീറ്റ്കൂടി വേണമെന്ന ആവശ്യമുയര്‍ന്നത് പെട്ടെന്ന് തള്ളിക്കളയാനാവില്ല. അതുകൊണ്ടുതന്നെ ഞായറാഴ്ചത്തെ യോഗത്തില്‍ ഇതുസംബന്ധിച്ച് ശക്തമായ നിലപാട് കൈക്കൊള്ളേണ്ടിവരും. കഴിഞ്ഞ സംസ്ഥാന മന്ത്രിസഭയില്‍ അഞ്ചാം മന്ത്രിക്കുവേണ്ടി നടന്ന നീക്കങ്ങള്‍ അക്കാലത്ത് ലീഗിനെ എങ്ങനെയൊക്കെ പ്രതിരോധത്തിലാക്കിയെന്നതും ഈ അവസരത്തില്‍ ലീഗ് വിലയിരുത്തിയിട്ടുണ്ട്.



from Anweshanam | The Latest News From India http://bit.ly/2Ghxyax
via IFTTT