Breaking

Monday, November 12, 2018

മെസ്സിയുടെ തിരിച്ചുവരവില്‍ ബാഴ്‌സ ഞെട്ടി; റയല്‍ ബെറ്റിസിനോട് തോല്‍വി

മഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ നിലവിലെ ചാമ്പ്യൻമാരായ ബാഴ്സലോണയെ ഞെട്ടിച്ച് റയൽ ബെറ്റിസ്. മൂന്നിനെതിരെ നാല് ഗോളിനായിരുന്നു ബാഴ്സയുടെ തോൽവി. പരിക്കിൽ നിന്ന് മുക്തനായി മെസ്സി തിരിച്ചെത്തിയ മത്സരമായിരുന്നു ഇത്. ബെറ്റിസിനായി ജൂനിയർ ഫിർപോ (20), കിൻ (34), ജിയോവാനി ലെ സെൽസോ(71), സെർജിയോ കനാലെസ്(83) എന്നിവർ സ്കോർ ചെയ്തു. ബാഴ്സയ്ക്കായി മെസ്സി ഇരട്ടഗോൾ നേടിയപ്പോൾ ഒരു ഗോൾ വിദാലിന്റെ വകയായിരുന്നു. ഇവാൻ റാക്കിറ്റിച്ച് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായതും ബാഴ്സയ്ക്ക് തിരിച്ചടിയായി. തുടർച്ചയായ മൂന്നു മത്സരത്തിൽ ജയിച്ചശേഷമാണ് ബാഴ്സ തോൽവിയറിയുന്നത്. ഈ സീസണിൽ രണ്ടാമത്തെ തോൽവിയും. തോറ്റെങ്കിലും 12 മത്സരങ്ങളിൽ നിന്ന് 24 പോയിന്റുമായി ബാഴ്സ തന്നെയാണ് ഒന്നാമത്. അതേസമയം പുതിയ പരിശീലകനെത്തിയ ശേഷം റയൽ മാഡ്രിഡ് വിജയം തുടരുകയാണ്. സെൽറ്റ വിഗോയ്ക്കെതിരായ മത്സരത്തിൽ 4-2നായിരുന്നു റയലിന്റെ വിജയം. സൊളാരിയുടെ കീഴിൽ റയലിന്റെ തുടർച്ചയായ നാലാം വിജയമാണിത്. റയലിനായി ബെൻസീമ, റാമോസ്, കബയോസ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഒരെണ്ണം സെൽഫ് ഗോളായിരുന്നു. സെൽറ്റ വിഗോയ്ക്കായി മലോയും മെൻഡസും ഗോൾ നേടി. 87-ാം മിനിറ്റിൽ കാബ്റാൾ ചുവപ്പ് കാർഡ് കണ്ടതിനാൽ പത്ത് പേരുമായാണ് സെൽറ്റ മത്സരം അവസാനിപ്പിച്ചത്. Content Highlights: Barcelona stunned at home by Real Betis on Messi return


from mathrubhumi.latestnews.rssfeed https://ift.tt/2FeIHZO
via IFTTT