Breaking

Thursday, November 1, 2018

കമല്‍ നാഥിനെ പേര് വിളിച്ചു; രാഹുൽ ഗാന്ധി ഇന്ത്യൻ സംസ്ക്കാരം മറക്കരുതെന്ന് ബി.ജെ.പി

ഇൻഡോർ: തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്ന മധ്യപ്രദേശിൽ പര്യടനത്തിരക്കിനിടെ വിവാദത്തിലായിരിക്കുകയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. മുതിർന്ന കോൺഗ്രസ് നേതാവ് കമൽ നാഥിനെ രാഹുൽ പേര് വിളിച്ചതാണ് ഏറ്റവും പുതിയ വിവാദം. പ്രചാരണത്തിരക്കുകൾക്കിടെ ഐസ്ക്രീം പാർലറിൽ വച്ചായിരുന്നു രാഹുൽ കമൽനാഥിനെ പേര് വിളിച്ച് അഭിസംബോധന ചെയ്തത്. ഇതിനെതിരെ രംഗത്ത് വന്നിരിക്കുന്നത് മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ്ചൗഹാനാണ്. കമൽ, ഐസ്ക്രീം നല്ലതാണ്. നിങ്ങൾക്ക് കഴിച്ചുനോക്കൂ എന്നാണ് രാഹുൽഗാന്ധി അഭിപ്രായപ്പെട്ടത്. രാഹുലിന്റെ പെരുമാറ്റം ശരിയല്ലെന്ന് ആരോപിച്ചാണ് ശിവ രാജ് സിംഗ് ചൗഹാൻ രംഗത്ത് വന്നത്. പ്രായത്തിൽ രാഹുലിനേക്കാൾ മുതിർന്ന ഒരാളെ പേര് വിളിച്ച് സംബോധന ചെയ്തത് തെറ്റാണെന്ന നിലപാടിലാണ് ചൗഹാൻ. അദ്ദേഹത്തിന്റെ (രാഹുലിന്റെ )പിതാവ് രാജീവ് ഗാന്ധിക്കൊപ്പവും പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് കമൽനാഥ്. 70-75 വയസ്സ് പ്രായമുള്ള ഒരാളെ പേര് വിളിക്കുന്നത് ഇന്ത്യൻ സംസ്കാരത്തിന് യോജിച്ചതാണോ? ചൗഹാൻ ചോദിച്ചു. അതിനിടെ രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാനൊരുങ്ങുകയാണ് ശിവരാജ് സിംഗ് ചൗഹാന്റെ മകൻ കാർത്തിക്. തനിക്ക് പനാമ അഴിമതി ഇടപാടിൽ പങ്കുണ്ടെന്ന് രാഹുൽ പറഞ്ഞതാണ് കാർത്തികിനെ പ്രകോപിപ്പിച്ചത്. എന്നാൽ, താൻ ഉദ്ദേശിച്ചത് കാർത്തികിനെ അല്ലെന്നും ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമൺ സിംഗിന്റെ മകനെയാണ് എന്നും രാഹുൽ ഗാന്ധി പിന്നീട് പ്രതികരിച്ചിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2P3LIAT
via IFTTT