Breaking

Sunday, May 10, 2020

ലാലിയുടെ ഹൃദയം പറന്നെത്തി, ലീനയ്ക്കു ജീവനായി

കൊച്ചി: പ്രതീക്ഷയുടെയും ബന്ധങ്ങളുടെയും പുതിയ സ്പന്ദനങ്ങളുമായി ലാലിയുടെ ഹൃദയം പറന്നെത്തി, ലീനയ്ക്കു ജീവനായി. മസ്തിഷ്കമരണം സംഭവിച്ച അധ്യാപികയുടെ ഹൃദയമാണ് തിരുവനന്തപുരത്തുനിന്ന് സർക്കാർ ഹെലിക്കോപ്റ്ററിൽ എറണാകുളത്തെത്തിച്ചത്. കോതമംഗലം സ്വദേശിയായ ലീന ഷിബുവിനാണ് ഹൃദയം മാറ്റിവെക്കുന്നത്. ലാലി ഗോപകുമാറിന്റെ ഹൃദയമാണ് ലീനയുടെ ശരീരത്തിൽ തുന്നിച്ചേർത്തത്. എറണാകുളം ലിസി ആശുപത്രിയിലെ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്. വെള്ളിയാഴ്ചയാണ് മസ്തിഷ്കമരണം സംഭവിച്ച ലാലിയുടെ അവയവദാനത്തിനു തയ്യാറാണെന്ന കാര്യം ലിസി ആശുപത്രിയധികൃതരെ അറിയിച്ചത്. ഉടൻ പരിശോധനകൾ നടത്തി അവയവദാനത്തിനുള്ള ക്രമീകരണങ്ങൾ ചെയ്യുകയായിരുന്നു. ഹൃദയം മാറ്റിവെക്കുന്ന ലീനയെയും വെള്ളിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കു തുടങ്ങിയ ശസ്ത്രക്രിയ മൂന്നുമണിയോടെയാണ് അവസാനിച്ചത്. 3.10-ന് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു പുറപ്പെട്ട ഹെലികോപ്റ്റർ 3.50-ന് എറണാകുളം ഗ്രാൻഡ് ഹയാത്തിലെ ഹെലിപാഡിലിറങ്ങി. അവിടെനിന്ന് റോഡുമാർഗം ഹൃദയം ആംബുലൻസിൽ ലിസി ആശുപത്രിയിലെത്തിച്ചു. നാലുമണിക്ക് ശസ്ത്രക്രിയ തുടങ്ങി. 6.12-ന് ലീനയുടെ ശരീരത്തിൽ ലാലിയുടെ ഹൃദയം മിടിച്ചുതുടങ്ങി. കോതമംഗലം ഭൂതത്താൻകെട്ട് ശങ്കരത്തിൽ ഷിബുവിന്റെ ഭാര്യ ലീന കഴിഞ്ഞ ജൂണിലാണ് ഹൃദ്രോഗബാധിതയാകുന്നത്. ഹൃദയവാൽവിനുണ്ടായ പ്രശ്നമാണ് രോഗമെന്നു തിരിച്ചറിഞ്ഞ് നടത്തിയ ചികിത്സയ്ക്കൊടുവിലാണ് ലിസി ആശുപത്രിയിലെത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിലൂടെയാണ് സർക്കാർ ഹെലിക്കോപ്റ്റർ വിട്ടുകൊടുത്തത്. ലിസി ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടൻ മുൻ എം.പി. പി. രാജീവുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയെ വിവരങ്ങൾ ധരിപ്പിച്ചത്. തിരുവനന്തപുരത്തുനിന്നെത്തിച്ച ഹൃദയം ലിസി ആശുപത്രിയിലെത്തിക്കാനുള്ള ക്രമീകരണങ്ങൾക്കു ടി.ജെ. വിനോദ് എം.എൽ.എ.യും അസി. പോലീസ് കമ്മിഷണർ കെ. ലാൽജിയും നേതൃത്വംനൽകി. Content Highlights:Lalis Heart flown for Leenas life


from mathrubhumi.latestnews.rssfeed https://ift.tt/3fzVBjh
via IFTTT