കണ്ണൂർ: കണ്ണൂർ സബ് ജയിലിലെ രണ്ട് റിമാൻഡ് തടവുകാർ കോവിഡ് പോസിറ്റീവായതോടെ ജില്ലയിലെ രണ്ട് മജിസ്ട്രേറ്റുമാരും രണ്ട് പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും ജയിൽ ജീവനക്കാരും നിരീക്ഷണത്തിൽ. കണ്ണൂർ, പയ്യന്നൂർ ഒന്നാംക്ലാസ് മജിസ്ട്രേറ്റുമാരും ചെറുപുഴ, കണ്ണപുരം സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥരും ജയിൽ സൂപ്രണ്ട് ഉൾപ്പെടെ കണ്ണൂർ സബ് ജയിലിലെ ജയിൽ ജീവനക്കാരുമാണ് നിരീക്ഷണത്തിലായത്. ചെറുപുഴയിൽ വന്യമൃഗങ്ങളെ വേട്ടയാടിയ കേസിൽ പ്രതിയായി ഒളിവിലായിരുന്ന ആളും കണ്ണപുരത്ത് വനിതാ പോലീസിനെ ആക്രമിച്ച കേസിലെ പ്രതിയുമാണ് കോവിഡ് പോസിറ്റീവായത്. കണ്ണൂർ സബ് ജയിലിലെ വെവ്വേറെ സെല്ലുകളിലാണ് ഇവർ ഇപ്പോഴുള്ളത്. ചെറുപുഴയിലെ കേസിൽ പ്രതിയായ ആളെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് കണ്ണൂർ സബ് ജയിലിലേക്കയച്ചു. ചെറുപുഴ സ്റ്റേഷനിലെ നാലു പോലീസുകാരാണ് പ്രതിക്കൊപ്പം പോയത്. കണ്ണപുരത്ത് പോലീസുകാരിയെ അപമാനിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ കണ്ണപുരം പോലീസ് അറസ്റ്റുചെയ്ത് സ്റ്റേഷനിലെത്തിച്ചിരുന്നു. കണ്ണൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. ഇവർക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് കണ്ണപുരം പോലീസ് സ്റ്റേഷനിലെ സി.ഐ.യും എസ്.ഐ.യും ഉൾപ്പെടെ 26 പോലീസുകാർ നിരീക്ഷണത്തിൽ പോയി. അണുനശീകരണത്തിന് ശേഷം സ്റ്റേഷൻ പ്രവർത്തനം പുനരാരംഭിച്ചു. കാസർകോട്ടുനിന്ന് സബ് ഇൻസ്പെക്ടർ മധുവിന് താത്കാലിക ചുമതല നൽകി. ഏതാനും പോലീസുകാരെയും കണ്ണപുരത്തേക്ക് മാറ്റി. ചെറുപുഴ പോലീസ് സ്റ്റേഷനിലെ നാലുപോലീസുകാരാണ് നിരീക്ഷണത്തിൽ പോയത്. പോലീസ് സ്റ്റേഷനിലെ മറ്റ് പോലീസുകാർ രണ്ടാം സമ്പർക്ക പട്ടികയിലാണ്.പ്രതികളെ റിമാൻഡ്ചെയ്ത പയ്യന്നൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റും അസി. പബ്ലിക് പ്രോസിക്യൂട്ടറും കോടതിയിലെ ജൂനിയർ സൂപ്രണ്ട് അടക്കം ഏഴുജീവനക്കാരും നിരീക്ഷണത്തിൽ പോയി. പ്രതിയെ പരിശോധിച്ച ഡോക്ടറും ആരോഗ്യപ്രവർത്തകനും നിരീക്ഷണത്തിലാണ്. കണ്ണപുരത്തെ പ്രതിയെ റിമാൻഡ് ചെയ്ത കണ്ണൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് നിരീക്ഷണത്തിൽ പോയി. മജിസ്‌ട്രേറ്റിന്റെ വീട്ടിലാണ് പ്രതിയെ ഹാജരാക്കിയത്. പ്രതികൾ റിമാൻഡിലായിരുന്ന കണ്ണൂർ സബ് ജയിലിലെ ജീവനക്കാരും നിരീക്ഷണത്തിലാണ്. സൂപ്രണ്ട് ഉൾപ്പെടെ നിലവിൽ ഡ്യൂട്ടിയിലുള്ള ആറുപേർ ജയിലിൽ നിരീക്ഷണത്തിൽ തുടരും. നിരീക്ഷണ കാലാവധി കഴിയുന്നതുവരെ ഇവരാകും ജയിലിലെ ഡ്യൂട്ടി ചെയ്യുക. ഡ്യൂട്ടി കഴിഞ്ഞ് വീടുകളിലേക്കുപോയ 11 പേർ വീടുകളിൽ നിരീക്ഷണത്തിലായി. ഇവർ ഇനി നിരീക്ഷണ കാലാവധി കഴിഞ്ഞേ ഡ്യൂട്ടിക്കെത്തുകയുള്ളൂ.
from mathrubhumi.latestnews.rssfeed https://ift.tt/2LVugdO
via
IFTTT