ന്യൂഡൽഹി: മൂന്നാംഘട്ട അടച്ചിടൽ അവസാനിക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ, പ്രധാനമന്ത്രി നരന്ദ്രമോദിയും സംസ്ഥാന മുഖ്യമന്ത്രിമാരും ഇന്ന് വൈകീട്ട് മൂന്നിന് ചർച്ച നടത്തും. കോവിഡ്-19 വ്യാപനത്തിനുശേഷം അഞ്ചാംതവണയാണ് മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും തമ്മിൽ വീഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തുന്നത്. അടച്ചിടൽ നീട്ടുമോ അതോ പിൻവലിക്കുമോ എന്ന ആകാംക്ഷയ്ക്കിടയിലാണു ചർച്ച. മാർച്ച് 24-ന് ആരംഭിച്ച അടച്ചിടലിന്റെ മൂന്നാം ഘട്ടം ഈ മാസം 17-നാണ് അവസാനിക്കുന്നത്. കോവിഡ്വ്യാപനം, നിലവിലുള്ള അടച്ചിടൽ നടപടികൾ, ഓറഞ്ച്-ഗ്രീൻ മേഖലകളിലെ ഇളവുകൾ, സാമ്പത്തിക പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ, മറുനാടൻ തൊഴിലാളികളുടെ പ്രശ്നങ്ങൾ, പ്രവാസി ഇന്ത്യക്കാരുടെ മടങ്ങിവരവ് തുടങ്ങിയ വിഷയങ്ങളാണ് തിങ്കളാഴ്ച ചർച്ച ചെയ്യുന്നത്. രോഗവ്യാപനം രൂക്ഷമായ ഹോട്സ്പോട്ടുകളിൽ കടുത്ത നിയന്ത്രണങ്ങൾ നിലനിർത്താനും സാമ്പത്തിക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഓറഞ്ച്, ഗ്രീൻ മേഖലകളിൽ കൂടുതൽ ഇളവുകൾ നൽകാനും ചർച്ചയിൽ നിർദേശമുയരും. സാമ്പത്തികപ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് കൂടുതൽ ഇളവുകൾ ഏർപ്പെടുത്തണമെന്ന സമീപനം കേന്ദ്രസർക്കാരിനുമുണ്ട്. ഈ ഇളവുകൾ രോഗവ്യാപനത്തിന് ആക്കം കൂട്ടരുതെന്ന നിലപാടും കേന്ദ്രം സ്വീകരിക്കും. മധ്യപ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം രൂക്ഷമായി തുടരുന്നത്. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾ മാനിച്ചായിരിക്കും അടച്ചിടൽ കാര്യത്തിൽ സംബന്ധിച്ച് കേന്ദ്രം തീരുമാനമെടുക്കുക. മുഖ്യമന്ത്രിമാരുടെ യോഗത്തിനു മുന്നോടിയായി കേന്ദ്ര കാബിനറ്റ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായും സംസ്ഥാന ആരോഗ്യ സെക്രട്ടറിമാരുമായും ഞായറാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. content highlights:PM To Meet Chief Ministers Today At 3 pm To Discuss Lockdown
from mathrubhumi.latestnews.rssfeed https://ift.tt/3dwgdak
via
IFTTT