ന്യൂഡൽഹി: ശനിയാഴ്ച കോവിഡ് 19 പോസിറ്റീവ് റിപ്പോർട്ട് ചെയ്ത അഞ്ച് എയർഇന്ത്യാ പൈലറ്റുമാരുടെ രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവ്. ചൈനയിലേക്ക് ചരക്കുമായി പോയ ബോയിങ് 787 വിമാനത്തിന്റെ പൈലറ്റുമാരാണ് ഇവർ. പൈലറ്റുമാർക്ക് പുറമേ, ഒരു ടെക്നീഷ്യനും മറ്റൊരു ജീവനക്കാരനും കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. അവർ രണ്ടുപേരും നിരീക്ഷണത്തിൽ തുടരുകയാണ്. ശനിയാഴ്ച 77 പൈലറ്റുമാർക്ക് കോവിഡ് 19 പരിശോധന നടത്തിയിരുന്നു. ആ പരിശോധനയിലാണ് അഞ്ചുപൈലറ്റുമാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്. അഞ്ചുപേർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ഏപ്രിൽ 20-നാണ് രോഗബാധിതരാകുന്നതിന് മുമ്പ് ഇവർ വിമാനം പറത്തിയിരുന്നത്. അഞ്ചുപൈലറ്റുമാരുടെയും ആദ്യ പരിശോധനാഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയതോടെ ഇവരെ വീട്ടുനിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു. എന്നാൽ രണ്ടാമത് റാൻഡം പിസിആർ ടെസ്റ്റ് നടത്തിയപ്പോഴാണ് അഞ്ചുപേരുടെയും ഫലം നെഗറ്റീവായത്. എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു വ്യത്യാസം പരിശോധനാഫലത്തിൽ സംഭവിച്ചത് എന്നതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. പൈലറ്റുമാർക്ക് ആദ്യപരിശോധന നടത്തിയ ടെസ്റ്റ്കിറ്റുകൾക്ക് തകരാറുണ്ടായിരുന്നുവെന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൈലറ്റുമാരുടെ പരിശോധനാഫലം പോസിറ്റീവാണെന്ന് ശനിയാഴ്ച വ്യോമയാന മന്ത്രാലയവും കേന്ദ്ര ആരോഗ്യമന്ത്രാലയവും സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്രയിൽ 230,000ത്തിലധികം കോവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിൽ 12,000 കേസുകളും മുംബൈയിൽ നിന്നാണ്. Content highlights: 5 Air India pilots second test result is negative, test kits may have been faulty
from mathrubhumi.latestnews.rssfeed https://ift.tt/3dFlH2O
via
IFTTT