Breaking

Friday, May 22, 2020

ഭേദമായവരെക്കാൾ മരിച്ചവർ; പേടി വിതറി സിവിൽ ആശുപത്രി; മരിച്ചവരിൽ മലയാളിയും

അഹമ്മദാബാദ്: ഏഷ്യയിലെ ഏറ്റവുംവലിയ സർക്കാർ ആശുപത്രിയെന്ന പെരുമയുള്ള ഗുജറാത്ത് അസർവയിലെ സിവിൽ ആശുപത്രിയിൽ കോവിഡ് ചികിത്സ തേടിയെത്തുന്നവരിൽ ഭൂരിപക്ഷവും തിരിച്ചിറങ്ങുന്നത് മൃതദേഹങ്ങളായാണ്. ബുധനാഴ്ചവരെ ഇവിടെ മരിച്ചത് 351 കോവിഡ് രോഗികളും രോഗംഭേദമായത് 338 പേർക്കുമാണ്. കഴിഞ്ഞ ദിവസം ഇവിടെ മരിച്ച പാലക്കാട് ചിറ്റിലഞ്ചേരി നീലിച്ചിറവീട്ടിൽ മോഹനകുമാരന്റെ(60) ഉറ്റവർക്കുണ്ടായ അനുഭവം കോവിഡ് നടപടിക്രമങ്ങൾ കാറ്റിൽപറത്തിയതിന്റെ ഉദാഹരണമാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഒഢവിലെ വീട്ടിൽനിന്ന് ഇദ്ദേഹത്തെ ശ്വാസതടസ്സംമൂലം ആശുപത്രിയിൽ എത്തിച്ചത്. ആദ്യം വെന്റിലേറ്ററിലായിരുന്നെങ്കിലും ഭേദപ്പെട്ടെന്ന് പറഞ്ഞ് വാർഡിലേക്ക് മാറ്റി. എന്നാൽ, വ്യാഴാഴ്ച രാവിലെ മരിച്ചതായി അറിയിച്ചു. മൃതദേഹം ബന്ധുക്കൾതന്നെ കൊണ്ടുപോയി സംസ്കരിക്കണമെന്ന് ജീവനക്കാർ നിർദേശിച്ചു. കേരളസമാജം ഭാരവാഹികൾ ഇടപെട്ടതിനെത്തുടർന്ന് ആംബുലൻസിൽ മൃതദേഹം കൊണ്ടുപോകാൻ തയ്യാറായി. പരാതിപ്പെട്ടതിനെത്തുടർന്നാണ് അനുഗമിക്കുന്നവരിൽ ഒരാൾക്ക് സുരക്ഷാവസ്ത്രം നൽകാൻ തയ്യാറായത്.മോഹനകുമാരന്റെ ഭാര്യയ്ക്ക് കോവിഡ് പരിശോധന നടത്താൻ അധികൃതർ തയ്യാറായില്ല. വീട്ടിൽ ക്വാറന്റീനിൽ കഴിയാനാണ് നിർദേശിച്ചത്. കോവിഡ് ബാധിച്ച് ഇവിടെ മരിക്കുന്ന രണ്ടാമത്തെ മലയാളിയാണ് ഇദ്ദേഹം. മേയ് ഏഴിന് ആലപ്പുഴ കാവാലം സ്വദേശി മരിച്ചിരുന്നു.ഡിസ്ചാർജ്ചെയ്ത രോഗി വഴിയിൽ മരിച്ചതടക്കം അനേകംപരാതികളാണ് ആശുപത്രിക്കെതിരേ ഇതിനകം ഉള്ളത്. നിലവാരംകുറഞ്ഞ മൂന്നുറോളം വെന്റിലേറ്ററുകൾ ഉപയോഗിച്ചെന്ന ആക്ഷേപവും നിലനിൽക്കുന്നു. എന്നാൽ ഗുരുതരാവസ്ഥയിലുള്ള രോഗികളെയെല്ലാം റെഫർ ചെയ്യുന്നതിനാലാണ് മരണംകൂടുന്നതെന്ന് സിവിൽ ആശുപത്രി അധികാരികൾ പറയുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3cUZLjY
via IFTTT