കണ്ണൂര്‍: ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള ആദ്യ വണ്ടിയില്‍ കയറിപ്പറ്റാന്‍ ഐ.ആര്‍.സി.ടി.സി. വെബ്സൈറ്റില്‍ ‘ക്യൂ’. മുംബൈയിലും ഡല്‍ഹിയിലുമുള്ളവരും കുടുംബങ്ങളുമാണ് തിങ്കളാഴ്ച വൈകുന്നേരം നാലുമുതല്‍ സൈറ്റ് തുറക്കാനായി കാത്തുനിന്നത്. ഒരാള്‍ക്ക് കിട്ടിയില്ലെങ്കില്‍ മറ്റൊരാള്‍ക്ക് കിട്ടാനുള്ള വെപ്രാളമായിരുന്നു. നാലുമുതല്‍ സൈറ്റില്‍ പ്രവേശിക്കാന്‍ നോക്കിയവര്‍ നിരാശരായി. പിന്നീട് രാത്രി എട്ടിനുശേഷമാണ് തീവണ്ടി റിസര്‍വേഷന്‍ ചെയ്യാനായത്. 10-ഒാടെ റിസര്‍വേഷന്‍ ഫുള്ളാവുകയും ചെയ്തു. വൈകുന്നേരം ആറിനുശേഷം സൈറ്റ് തുറക്കുമെന്നായിരുന്നു ആദ്യ അറിയിപ്പ്. എന്നാല്‍, ഒന്നും സംഭവിച്ചില്ല. വണ്ടിയുടെ നിര്‍ദേശങ്ങളും മറ്റും റെയില്‍വേ കുറിപ്പില്‍ വന്നുകൊണ്ടിരുന്നു. പുതിയ റിസര്‍വേഷന്‍ സംവിധാനത്തില്‍ ആദ്യമായി ഓടിക്കുന്നതിന്റെ സാങ്കേതികത്വമാണ് ഈ വൈകലിന് കാരണമായി പറഞ്ഞത്. മുംബൈ പനവേലില്‍ കുടുങ്ങിയ 18 വയസ്സുള്ള രണ്ട് വിദ്യാര്‍ഥികള്‍ക്കുവേണ്ടി ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ഇരുപതിലധികം പേരാണ് ടിക്കറ്റിനായി ശ്രമിച്ചത്. മടിക്കൈ സ്വദേശി എം.കെ.അഭിരാം, പാലക്കാട്ടെ മുഹമ്മദ് ഷാജി എന്നിവരാണ് പഠനവുമായി ബന്ധപ്പെട്ട പ്രായോഗികപരിശീലനത്തിന് പോയി അവിടെ കുടങ്ങിയത്. ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് വിദ്യാര്‍ഥികളായിരുന്നു ഇരുവരും. നാട്ടിലേക്ക് വരാന്‍ തുടങ്ങുമ്പോള്‍ ലോക്ക് ഡൗണ്‍ ആയി. പനവേലില്‍ എത്തിയ ഇവര്‍ക്ക് ബിരിക്കുളം സ്വദേശി ജിഷ്ണുവും സുഹൃത്തുക്കളും വാടകമുറി ഒരുക്കി. 150 രൂപയാണ് ഒരുദിവസം. ഈ തുകയില്‍ത്തന്നെ ബാക്കി കൊടുക്കാനുണ്ട്. ഇപ്പോള്‍ ഒരുനേരത്തെ ആഹാരം മാത്രമാണ് കിട്ടുന്നത്. പുറത്തിറങ്ങാന്‍ പറ്റാത്തതിനാല്‍ അവിടത്തെ മലയാളിസുഹൃത്തുക്കളും വിഷമത്തിലാണ്. അതിനിടെയാണ് തീവണ്ടിയുണ്ടെന്നറിഞ്ഞ് ടിക്കറ്റിനായി ശ്രമിച്ചത്. അവസാനനിമിഷം മുഹമ്മദ് ഷാജിക്ക് ടിക്കറ്റ് കിട്ടി. നാട്ടിലെ സുഹൃത്തുക്കളില്‍ ഒരാള്‍ക്കാണ് ആ ഭാഗ്യം കിട്ടിയത്. എന്നാല്‍, ടിക്കറ്റ് കിട്ടാതെ അഭിരാം ബാക്കിയായി.
from mathrubhumi.latestnews.rssfeed https://ift.tt/2YTBp65
via
IFTTT