Breaking

Friday, May 1, 2020

കോവിഡിന് കാരണം വുഹാനിലെ പരീക്ഷണശാല: തെളിവുണ്ടെന്ന് ട്രംപ്

വാഷിങ്ടൺ: അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങളെ വലയ്ക്കുന്ന കോവിഡ് മഹാമാരിയുടെ ഉറവിടം വുഹാനിലെ വൈറസ് പരീക്ഷണ ശാലയാണെന്ന ആരോപണത്തിൽ ഉറച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതിനുള്ള തെളിവുകൾ തന്റെ കൈവശമുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. ചൈനയുമായുള്ള വ്യാപാര യുദ്ധം രൂക്ഷമാകുമെന്ന സൂചനയും ട്രംപ് നൽകി. കൊറോണ വൈറസിന്റെ ഉറവിടം വുഹാനിലെ വൈറസ് ഗവേഷണശാലയാണെന്ന ആരോപണത്തിന് അടിസ്ഥാമായ തെളിവുകൾ തന്റെ കൈവശം ഉണ്ടെന്ന് ട്രംപ് മാധ്യങ്ങളോട് പറഞ്ഞു. എന്താണ് തെളിവുകൾ എന്ന ചോദ്യത്തിന് അത് ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം. ഈ പശ്ചാത്തലത്തിൽ ചൈനയുമായുള്ള വ്യാപാര ഇടപടലുകളിൽ മാറ്റംവരുത്താനിടയുണ്ടോ എന്ന ചോദ്യത്തിന് വ്യത്യസ്തമായ രീതിയിൽ അത് നടപ്പാക്കുമെന്ന് ട്രംപ് പറഞ്ഞു. കൂടുതൽ ശക്തവും വ്യക്തവുമായ നടപടി ഇക്കാര്യത്തിൽ ഉണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി. ചൈനീസ് ഉൽപന്നങ്ങൾക്കു മേൽ കൂടുതൽ ഉയർന്ന നികുതി ചുമത്തിയേക്കുമെന്ന സൂചനയും അദ്ദേഹം നൽകി. അമേരിക്കയും ചൈനയും തമ്മിൽ ഏറെക്കാലമായി നിലനിൽക്കുന്ന വ്യാപാര യുദ്ധം കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കൂടുതൽ വഷളാവുകയാണ്. ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കു മേലുള്ള നികുതി ഇരു രാജ്യങ്ങളും പരസ്പരം വർധിപ്പിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധം മൂർധന്യതയിലെത്തിച്ചിരുന്നു. ഇതിനിടയിലാണ് കോവിഡ് മഹാമാരിയുടെ ഉറവിടം വുഹാനിലെ വൈറസ് പരീക്ഷശാലയാണെന്ന ആരോപണം അമേരിക്ക ആവർത്തിച്ച് ഉന്നയിക്കുന്നത്. ഇക്കാര്യം വ്യക്തമായാൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. Content Highlights:Donald Trump Says Evidence Ties Coronavirus To Wuhan Lab


from mathrubhumi.latestnews.rssfeed https://ift.tt/2VSxIvJ
via IFTTT