Breaking

Sunday, February 24, 2019

സംവിധായകൻ പി.പി.ഗോവിന്ദൻ അന്തരിച്ചു

പിലാത്തറ:സിനിമാ, ഡോക്യുമെന്ററി സംവിധായകനും ജൂറിയുമായിരുന്ന മണ്ടൂർ പടിഞ്ഞാറ്റയിൽ പി.പി.ഗോവിന്ദൻ (68) അന്തരിച്ചു. വടക്കെ മലബാറിൽനിന്ന് ആദ്യമായി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച സംവിധായകനാണ്. സരിത, സീത, സന്ധ്യാവന്ദനം, ഹൃദയങ്ങളിൽ നീ മാത്രം എന്നീ മലയാള സിനിമകളും പാശക്കനൽ, ഇപ്പടിക്ക് സത്യമൂർത്തി എന്നീ തമിഴ് സിനിമകളും നിരവധി സീരിയലുകളും സംവിധാനം ചെയ്തു. നാല്പതിലേറെ ഡോക്യുമെന്ററി ചിത്രങ്ങൾ ഒരുക്കി. തിരുവിതാംകൂർ രാജവംശത്തിന്റെ പിറവി മുതൽ ആന്റണി മന്ത്രിസഭ വരെയുള്ള കേരളത്തിലെ ഭരണകാലഘട്ടത്തെക്കുറിച്ചുള്ള 20 മണിക്കൂർ നീളുന്ന നൂറ്റാണ്ടുകളുടെ തുടിപ്പുകൾ ദൈർഘ്യമേറിയ ഡോക്യുമെന്ററിയാണ്. പ്രകൃതിസംരക്ഷണം പ്രമേയമായ സർപ്പക്കാവ്, ഏഴോം തെയ്യംകെട്ട് വിവാദത്തെക്കുറിച്ചുള്ള ഊരുവിലക്ക്, സസ്യസമ്പത്തുകളെക്കുറിച്ചുള്ള വീട്ടുമുറ്റത്ത്, മഹാകവി ഉള്ളൂരിനെക്കുറിച്ചും നടൻ സത്യനെക്കുറിച്ചുമുള്ള ഡോക്യുമെന്ററികൾ എന്നിവ ശ്രദ്ധേയമാണ്. മൾബറിയും പട്ടുനൂലും എന്ന ചിത്രം ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടി. സമന്വയം എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിവരികയായിരുന്നു. 2010-ൽ മുംബൈ ഇന്റർനാഷനൽ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിൽ ചീഫ് സെലക്ഷൻ ജൂറിയിൽ അംഗമായിരുന്നു. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ബിരുദധാരികളുടെ സംഘടനയായ ഗ്രാഫ്റ്റിയുടെ സംസ്ഥാന പ്രസിഡന്റ്, സൗത്ത് ഇന്ത്യൻ സിനി ടെക്നീഷ്യൻസ് അസോസിയേഷൻ സെക്രട്ടറി, നോർത്ത് മലബാർ ഫിലിം ഡയറക്ടേഴ്സ് ക്ലബ്ബ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. പരേതരായ കണ്ണൻ രവിവർമന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: ഓമന. മക്കൾ: രവി കല്യാൺ (എൻജിനീയർ, ലണ്ടൻ), നർത്തകി സരിതാ കല്യാൺ (ചെന്നൈ കലാക്ഷേത്ര അധ്യാപിക). മരുമക്കൾ: ഭാസ്കർ (ശ്രീഹരിക്കോട്ട സ്പെയ്സ് സെന്റർ), പ്രസന്ന രവി (എൻജിനീയർ, ലണ്ടൻ). സഹോദരങ്ങൾ: ഡോ. പി.പി.കുഞ്ഞിരാമൻ (നേത്രരോഗ വിദഗ്ധൻ, കണ്ണൂർ), മാധവി (തൃക്കരിപ്പൂർ), അഡ്വ. പി.പി.കൃഷ്ണൻ (പയ്യന്നൂർ ബാർ), ശാരദ രവീന്ദ്രൻ (പള്ളിക്കുന്ന്), വാസന്തി ധനതൻ (ബെംഗളൂരു). ശവസംസ്കാരം തിങ്കളാഴ്ച രാവിലെ 11-ന് മണ്ടൂരിൽ. Content Highlights: didirector pp govindan passes away documentary tamil cinema serial


from mathrubhumi.latestnews.rssfeed https://ift.tt/2EukxZf
via IFTTT