Breaking

Tuesday, February 12, 2019

വെന്റിലേറ്റര്‍ രോഗിയുടെ ബന്ധുക്കൾ കൊണ്ടുവരണമെന്ന് ഡോക്ടര്‍; ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം

ഭോപ്പാൽ: പൊള്ളലേറ്റ് അത്യാസന്ന നിലയിലായിരുന്ന ഒന്നരവയസുകാരി മതിയായ ചികിത്സകിട്ടാതെ മരിച്ചു. മധ്യപ്രദേശിലെ സാഗർ ജില്ലയിലെ അൻഷിക അഹിർവാറാണ് ആശുപത്രിയിലെ വെന്റിലേറ്റർ സൗകര്യം ലഭിക്കാത്തതിനാൽ കഴിഞ്ഞദിവസം മരിച്ചത്. ബുണ്ടേൽഖണ്ഡ് മെഡിക്കൽ കോളേജിലാണ് ദാരുണമായ സംഭവം. തിളച്ചവെള്ളം ശരീരത്തിൽ വീണ് 70 ശതമാനത്തിലേറെ പൊള്ളലേറ്റ നിലയിലാണ് അൻഷികയെ കഴിഞ്ഞദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടർമാർ കുട്ടിയെ ചികിത്സിക്കാനോ വെന്റിലേറ്റർ സൗകര്യം ഒരുക്കാനോ തയ്യാറായില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. കുട്ടിയെ പരിശോധിക്കാനെത്തിയ ഡോ. ജ്യോതി റൗത്ത് ആശുപത്രിയിലെ വെന്റിലേറ്റർ പ്രവർത്തനക്ഷമമല്ലെന്നും കുട്ടിയുടെ ജീവൻ രക്ഷിക്കണമെങ്കിൽ നിങ്ങൾതന്നെ വെന്റിലേറ്റർ സൗകര്യം ഒരുക്കണമെന്നുമാണ് മാതാപിതാക്കളോട് പറഞ്ഞത്. ഏകദശം ഒരുകോടിയോളം രൂപ വിലവരുന്ന വെന്റിലേറ്റർ സൗകര്യം മാതാപിതാക്കൾ സ്വന്തംനിലയിൽ കൊണ്ടുവരാനായിരുന്നു ഡോക്ടറുടെ കല്പന. ഇതിനിടെ ചികിത്സ കിട്ടാതെ അതീവ ഗുരുതരാവസ്ഥയിലായ പെൺകുട്ടി മരണപ്പെടുകയായിരുന്നു. ഡോക്ടറും കുട്ടിയുടെ ബന്ധുക്കളും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പിന്നീട് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ഡോ. ജ്യോതി റൗത്തിനെതിരേ പ്രതിഷേധം ശക്തമായി. ഇതോടെ ഡോ. ജ്യോതി റൗത്തിനെ സർവ്വീസിൽനിന്ന് സസ്പെൻഡ് ചെയ്തതായി മെഡിക്കൽ കോളേജ് ഡീൻ ഡോ. ജി.എസ്. പട്ടേൽ അറിയിച്ചു. മെഡിക്കൽ കോളേജിൽ 17 വെന്റിലേറ്ററുകളാണ് നിലവിലുള്ളതെന്നും എന്നാൽ പൊള്ളലേറ്റവരെ ചികിത്സിക്കുന്ന വിഭാഗത്തിൽ വെന്റിലേറ്റർ ഉണ്ടായിരുന്നില്ലെന്നും ഡോ. ജി.എസ്. പട്ടേൽ വിശദീകരിച്ചു. രോഗിയുടെ ബന്ധുക്കളോട് അപമര്യാദയായി പെരുമാറിയതിനാണ് ഡോ. ജ്യോതി റൗത്തിനെ ഇപ്പോൾ സസ്പെൻഡ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പൊള്ളലേറ്റ കുട്ടിക്ക് ചികിത്സ നിഷേധിച്ചെന്ന ആരോപണം തെറ്റാണെന്ന് ഡോ. ജ്യോതി റൗത്ത് പ്രതികരിച്ചു. എഡിറ്റ് ചെയ്ത വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നും കുട്ടിയുടെ ജീവൻരക്ഷിക്കാൻ തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചുവെന്നും ജ്യോതി റൗത്ത് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ അഞ്ചംഗ അന്വേഷണകമ്മീഷന്റെ അന്വേഷണം പുരോഗമിക്കുകയാണ്. Content Highlights:Doctor Tells Parents to Arrange Ventilator, Girl dies lack of proper Treatment


from mathrubhumi.latestnews.rssfeed http://bit.ly/2TLaUdx
via IFTTT