കൊച്ചി: താരനിശയെ ചൊല്ലിയുള്ള തര്‍ക്കം ഒത്തു തീര്‍പ്പിലേക്ക് എത്തി. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ഫണ്ട് ശേഖരിക്കുവാന്‍ വേണ്ടി നടത്തുന്ന വിദേശ താരനിശ ഡിസംബര്‍ ഏഴിന് തന്നെ നടത്താന്‍ തീരുമാനമായി. കൊച്ചിയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. അബുദാബിയില്‍ വെച്ചാണ് താര നിശ നടക്കുക. അമ്മ സംഘടനയുടെ സ്റ്റേജ് ഷോയ്ക്കായി ചിത്രങ്ങളുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ച് താരങ്ങളെ കൊടുക്കാനാവില്ലെന്ന് മുമ്പ് നിര്‍മ്മാതാക്കളുടെ സംഘടന കത്തിലൂടെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ സമാഹരിക്കുന്നതിന് വേണ്ടിയാണ് ഡിസംബര്‍ ഏഴിന് അമ്മ സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നത്. ഇതിനു വേണ്ടി ഒരാഴ്ച ഷൂട്ടിങ്ങ് നിര്‍ത്തിവെച്ച് താരങ്ങളെ വിട്ടുനല്‍കണമെന്ന് അമ്മ സെക്രട്ടറി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്ക് വാട്‌സ് ആപ്പ് സന്ദേശമയച്ചിരുന്നു. ഇതിനെതിരെയാണ് നിര്‍മ്മാതാക്കളുടെ സംഘടന രംഗത്തെത്തിയത്.
നിര്‍മ്മാതാക്കളുമായി ആലോചിക്കാതെ താരങ്ങളെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചതാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ പ്രകോപിതരാക്കിയത്. 2019 മാര്‍ച്ച് അവസാനം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് വേണ്ടി മലയാള സിനിമയിലെ എല്ലാ സംഘടനകളും ചേര്‍ന്ന് കേരളത്തിലും താരനിശ നടത്തും.
from Anweshanam | The Latest News From India https://ift.tt/2DeAUc2
via IFTTT