Breaking

Tuesday, May 26, 2020

അതിർത്തികടക്കാൻ പാസ് കിട്ടാതെ ചെക്ക് പോസ്റ്റിലെ പാതയോരത്തൊരു ‘അന്തസ്സംസ്ഥാന’ വിവാഹം

കുമളി: വധു ഇങ്ങ് കോട്ടയത്ത്. വരൻ അങ്ങ് തമിഴ്നാട്ടിലെ കമ്പത്തും. നിശ്ചയിച്ച മുഹൂർത്തത്തിൽ വിവാഹം നടക്കണമെങ്കിൽ ഒരാൾ അതിർത്തി കടക്കണം. എന്നാൽ, അതിന് അനുമതി ലഭിച്ചില്ല. ഒടുവിൽ കുമളി ചെക്ക്പോസ്റ്റിനടുത്തുള്ള ദേശീയപാതയോരം വിവാഹവേദിയായി. നിശ്ചയിച്ച മുഹൂർത്തത്തിൽ ക്ഷണിക്കപ്പെടാത്ത അതിഥികളുടെ സാന്നിധ്യത്തിലാണ്‌ പെരുവഴിയിൽ താലികെട്ടി പ്രസാദും ഗായത്രിയും പുതുജീവിതത്തിലേക്ക് കാലെടുത്തുവെച്ചത്.തമിഴ്നാട് കമ്പം സ്വദേശി പ്രസാദും കോട്ടയം കാരാപ്പുഴ സ്വദേശിനി ഗായത്രിയും തമ്മിലുള്ള വിവാഹം വണ്ടിപ്പെരിയാറിന് സമീപം വാളാർഡി ക്ഷേത്രത്തിൽ ഞായാറാഴ്ച രാവിലെ നടത്താനായിരുന്നു ബന്ധുക്കൾ തീരുമാനിച്ചത്. എന്നാൽ, ലോക് ഡൗണിൽ അതിർത്തി കടക്കാൻ പ്രസാദിന് പാസ് ലഭിച്ചില്ല. എങ്കിലും ഞായറാഴ്ച രാവിലെ പ്രസാദും കുടുംബവും കുമളി ചെക്ക്പോസ്റ്റിലെത്തി. വധുവും കുടുംബവും ഈ സമയംതന്നെ ചെക്ക്പോസ്റ്റിലെത്തിയിരുന്നു. അവിടെയും അതിർത്തി കടക്കാൻ ഇരുകൂട്ടർക്കും അധികൃതർ അനുമതി നൽകിയില്ല.ഒടുവിൽ ഇവരുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയ ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും ഇടപെട്ടു. അതിർത്തിയിൽ ഇവരുടെ വിവാഹം നടത്തിക്കൊടുക്കാൻ തീരുമാനിച്ചു. അങ്ങനെ കതിർ മണ്ഡപവും കൊട്ടും കുരവയുമൊന്നുമില്ലെങ്കിലും മൂഹൂർത്തത്തിനുതന്നെ കല്യാണം കഴിഞ്ഞു. എന്തായാലും കല്യാണം കഴിഞ്ഞയുടൻ അധികൃതർ ഉണർന്ന് പ്രവർത്തിച്ചു. നവവധുവിന് തമിഴ്നാട്ടിലുള്ള വരന്റെ വീട്ടിലേക്ക് പോകാൻ പാസ് തരപ്പെടുത്തിക്കൊടുത്തു. അങ്ങനെ എല്ലാം ശുഭം.


from mathrubhumi.latestnews.rssfeed https://ift.tt/2XtLGDB
via IFTTT