ന്യൂഡൽഹി: കേരളം ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് കേന്ദ്രസർക്കാർ കേരളത്തിന് നോട്ടീസ് അയച്ചു. ബാർബർ ഷോപ്പുകളും റസ്റ്റോറന്റുകളുംവർക്ക്ഷോപ്പുകളും തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയത് ഗുരുതര ലംഘനമെന്നും കേന്ദ്രസർക്കാർ. സംഭവത്തിൽ മുന്നറിയിപ്പ് നൽകികൊണ്ടാണ് കേന്ദ്രം കത്ത് അയച്ചിരിക്കുന്നത്. മാർഗരേഖയിലെ വ്യവസ്ഥകൾ കേരളം ലംഘിച്ചുവെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിക്കാണ് കത്ത് കൈമാറിയത്. കത്തിൽ സംസ്ഥാനം വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് മൂന്ന് വരെ ലോക്ക്ഡൗൺ കർശനമായി തുടരണമെന്നായിരുന്നു കേന്ദ്ര നിർദ്ദേശം. എന്നാൽ ഏപ്രിൽ 20 മുതൽ സംസ്ഥാന സർക്കാർ ചില ഇളവുകൾ പ്രഖ്യാപിച്ചിരുന്നു.കേന്ദ്രം പ്രഖ്യാപിക്കാത്ത ചില ഇളവുകൾ കേരളം അനുവദിച്ചതാണ് കേന്ദ്രം ഗൗരവമായി എടുത്തിരിക്കുന്നത്. 2005 ലെ ദേശീയ ദുരന്ത നിവാരണ നിയന്ത്രണ നിയമപ്രകാരമാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഏപ്രിൽ 15ന് ഹോട്ട്സ്പോട്ടുകൾ അല്ലാത്ത പ്രദേശങ്ങളിൽ ചില ഇളവുകൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. 2005 ലെ നിയമത്തെ അടിസ്ഥാനമാക്കിയായിരുന്നു ഈ മാർഗ രേഖ. എന്നാൽ സംസ്ഥാനം ഈ മാർഗ രേഖയിലെ നിർദ്ദേശങ്ങൾ കാറ്റിൽപറത്തിയെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. ഇരുചക്ര വാഹങ്ങളിൽ രണ്ട് പേർ സഞ്ചരിക്കുന്നതും ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകുന്നതും കേന്ദ്ര നിർദ്ദേശത്തിൽ വെള്ളംചേർത്തുകൊണ്ടാണെന്ന് ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല അയച്ച കത്തിൽ പറയുന്നു. കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ ഇത്തരമൊരു ഇളവ് അനുവദിക്കാൻ സംസ്ഥാനത്തിന് അധികാരമില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. Content Highlight: Notice to Kerala: Center on violation of lockdown restrictions
from mathrubhumi.latestnews.rssfeed https://ift.tt/3ar1GKZ
via
IFTTT