Breaking

Monday, April 20, 2020

ഡാറ്റാ സ്വകാര്യത പ്രധാനം: സ്പ്രിംക്‌ളര്‍ വിവാദത്തില്‍ പരോക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രം

വിവാദമായ സ്പ്രിംക്ളർ ഇടപാടിനെതിരെ പരോക്ഷവിമർശനവുമായി സിപിഐ മുഖപത്രം ജനയുഗം. ഡാറ്റാ ചോരണം, അനധികൃത പങ്കുവയ്ക്കൽ, ദുരുപയോഗം എന്നിവ സംബന്ധിച്ച വാർത്തകൾ പതിവായിട്ടും ഡാറ്റാ സ്വകാര്യത, സുരക്ഷിതത്വം എന്നിവ അർഹിക്കുന്ന പ്രാധാന്യത്തോടെ ഇനിയും കണക്കിലെടുക്കപ്പെട്ടിട്ടില്ല എന്ന് ജനയുഗം മുഖപ്രസംഗം വിമർശനമുന്നയിക്കുന്നു. വിവരസ്വകാര്യതയും സുരക്ഷിതത്വവും സജീവ ചർച്ചാവിഷയമാകുന്ന കേരളത്തിൽ നമ്മുടെ സ്വാതന്ത്ര്യം, ജനാധിപത്യം, സ്വാശ്രയത്വം, പരമാധികാരം എന്നീ മൂല്യങ്ങൾ എങ്ങനെ സംരക്ഷിക്കാനാവുമെന്നത് സജീവ പരിഗണന അർഹിക്കുന്ന വിഷയമാണ്. ഇന്ത്യയിൽ ആധാർ എന്നറിയപ്പെടുന്ന യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുഐഡിഎഐ വ്യാപകമായ എതിർപ്പ് വിളിച്ചുവരുത്തിയത് ജനങ്ങളെ സംബന്ധിക്കുന്ന വിവരസമാഹരണം സുരക്ഷിതമായിരിക്കുമോ, അത് ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്കകൊണ്ടാണ്. വിവര സ്വകാര്യതയും വിവരസുരക്ഷിതത്വവും അതുകൊണ്ടുതന്നെ വ്യക്തികളുടെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെ തന്നെയും സ്വാതന്ത്ര്യം, സുരക്ഷിതത്വം, പരമാധികാരം എന്നിവയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. വ്യക്തികളെ സംബന്ധിക്കുന്ന വിവരം ബോധപൂർവമോ അല്ലാതെയോ ചോർത്തപ്പെടുന്നത് അത് സമാഹരിക്കുന്ന ഗവണ്മെന്റ് അല്ലെങ്കിൽ സ്ഥാപനത്തെയും ഏതൊരു വ്യക്തിയെ സംബന്ധിച്ചതാണോ ആ വിവരം അയാളെയും പ്രതികൂലമായി ബാധിക്കാം. വിവര സമ്പദ്ഘടനയിൽ ആധിപത്യം പുലർത്തുന്ന മൂലധനശക്തികൾ പ്രധാനമായും ലക്ഷ്യംവയ്ക്കുന്നത് ഇന്ത്യയടക്കം വികസ്വര, അവികസിത രാഷ്ട്രങ്ങളിൽ നിന്നുള്ള വിവര സമാഹരണമാണ്. വിവര സമാഹരണം രാഷ്ട്രീയ ഗതിവിഗതികളെ നിയന്ത്രിക്കുന്നതിൽ ഏറെ നിർണായകമാണെന്ന് ഇന്ന് എല്ലാവരും തിരിച്ചറിയുന്നു. അവ കൈവശമില്ലാത്തവർ രാഷ്ട്രീയ ഭൂപടത്തിൽ നിന്നും മായ്ക്കപ്പെടുമെന്നതും അനിഷേധ്യ യാഥാർത്ഥ്യമായിരിക്കുന്നു. അതിനാൽ വിവരസമ്പദ്ഘടനയുടെ ഈ യുഗത്തിൽ വിവരങ്ങൾ എങ്ങനെ സംരക്ഷിക്കാനാവുമെന്നത് സജീവ പരിഗണന അർഹിക്കുന്നവിഷയമാണെന്ന് ജനയുഗം ചൂണ്ടിക്കാട്ടുന്നു. കോവിഡ് വിവര ശേഖരണത്തിനായി സംസ്ഥാന സർക്കാർ യുഎസ് കമ്പനി സ്പ്രിംക്ളറിന്റെ സേവനം ഉപയോഗിച്ചതിനെ തുടർന്നാണ് വിവാദമുയർന്നത്. കേരളത്തിലെ രോഗികളുടെ വിവരങ്ങൾ അമേരിക്കൻ കമ്പനിയുമായി പങ്കുവെയ്ക്കുന്നത് സുരക്ഷിതമല്ലെന്നും ഇതിൽ നിക്ഷിപ്ത താൽപര്യങ്ങളുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അതേസമയം വ്യക്തിഗത വിവരങ്ങൾ ആർക്കും കൈമാറില്ലെന്നാണ് സർക്കാർ വിശദീകരണം. Content Highlights:CPI Janayugom News Paper Sprinklr Deal Kerala Government


from mathrubhumi.latestnews.rssfeed https://ift.tt/3aoytjQ
via IFTTT