കണ്ണൂർ: അഞ്ചരക്കണ്ടിയിലെ ജില്ലാ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ തിങ്കളാഴ്ചയാണ് ‘നൈറ്റിംഗേൽ-19’ എന്ന റോബോട്ട് ചാർജെടുത്തത്. ഇനി നിരീക്ഷണത്തിലുള്ളവർക്കും ഡോക്ടർമാർക്കും ഇടയിലെ സഹായിയാണ് ഈ റോബോട്ട്. ശ്രീകണ്ഠപുരം വിമൽജ്യോതി എൻജിനീയറിങ് കോളേജിലെ അധ്യാപകരായ ഡോ. ടി.ഡി.ജോൺ, സുനിൽ പോൾ, ഡോ. വി.സമ്പത്കുമാർ, പ്രൊഫ. സി.ആർ.സരിൻ എന്നിവരാണ് ഇതിനുപിന്നിൽ. കൊറോണ വാർഡിൽ പി.പി.ഇ. കിറ്റ് ധരിച്ച് മുഖം കാണാത്ത ഡോക്ടറുടെ മുഖം റോബോട്ടിന്റെ സ്‌ക്രീനിലൂടെ രോഗികൾക്ക് കാണാം, സംസാരിക്കാം. ആശ്വാസത്തിന്റെ ഇടനിലക്കാരനാവുകയാണ് റോബോട്ട്. ഒരു കിലോമീറ്റർ പരിധിയിൽ ഇതിനെ നിയന്ത്രിക്കാം. ആഹാരവും വെള്ളവും അടക്കം 25 കിലോ ഭാരം റോബോട്ട് കൊറോണ വാർഡിലെത്തിക്കും. നിരീക്ഷണത്തിലുള്ളവർക്ക് മറ്റു രോഗം വന്നാൽ മറ്റ് ആസ്പത്രികളിലെ ഡോക്ടർമാരുമായി ടെലി കമ്യൂണിക്കേഷനിലൂടെ അസുഖവിവരം പറയാമെന്ന് ജില്ലാ കോവിഡ് ട്രീറ്റ്‌മെന്റ് സെന്റർ നോഡൽ ഓഫീസർ ഡോ. സി.അജിത്കുമാർ പറഞ്ഞു. ഓരോ സമയത്തും പി.പി.ഇ. കിറ്റ് അണിഞ്ഞ് കൊറോണ വാർഡിൽ പോകാതെ ഡോക്ടർമാർക്ക് രോഗികളുടെ വിവരങ്ങൾ അറിയാനാവുന്നത് നല്ല കാര്യമാണെന്ന് ജില്ലാ കൊറോണ നോഡൽ ഓഫീസർ ഡോ. എൻ.അഭിലാഷ് പറഞ്ഞു. പൂക്കളും മലയും ഉദിച്ചുയരുന്ന സൂര്യനും... കൊറോണ വാർഡിലെ രണ്ട് കുട്ടികളുടെ ക്രയോൺസ് ചിത്രങ്ങൾ കണ്ട് കൈയടിച്ചത് ഡോക്ടർമാർ മാത്രമല്ല, തിരുവനന്തപുരത്തുള്ള ആരോഗ്യമന്ത്രി കൂടിയാണ്. കണ്ണൂർ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലെ കുട്ടികളുടെ ചിത്രങ്ങൾ മന്ത്രി കെ.കെ.ശൈലജയ്ക്ക് കാണിച്ചുകൊടുത്തത് ‘നൈറ്റിംഗേൽ-19’ എന്ന റോബോട്ടാണ്. രണ്ടുപേർക്കും ബിഗ് സല്യൂട്ട് നൽകാൻ മന്ത്രി മറന്നില്ല.
from mathrubhumi.latestnews.rssfeed https://ift.tt/3am3sNz
via
IFTTT