അമ്പലപ്പുഴ : മോർച്ചറിയിൽനിന്ന് പോസ്റ്റുമോർട്ടത്തിനുശേഷം ഉമ്മയെ പുറത്തേക്ക് എടുക്കുമ്പോൾ അകലെനിന്ന് സജ്ന പൊട്ടിക്കരഞ്ഞുകൊണ്ടാണ് ആ മുഖം അവസാനമായി കണ്ടത്. കൊറോണ ഐസൊലേഷൻ വാർഡിലെ ജോലിക്കുശേഷം നിരീക്ഷണത്തിലായതിനാൽ അടുത്തേക്ക് പോയില്ല. ജോലിയും തുടർന്നുള്ള നിരീക്ഷണവും പൂർത്തിയാക്കി 21 ദിവസത്തിനുശേഷം ഉമ്മയില്ലാത്ത വീട്ടിലേക്കാണ് സജ്ന മടങ്ങിയെത്തിയത്. ജോലിക്കായി വീട്ടിൽ നിന്നിറങ്ങുമ്പോൾ യാത്രയാക്കാൻ ഉമ്മയും ഉണ്ടായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗ്രേഡ് വൺ സ്റ്റാഫ് നഴ്സായ സജ്ന കൊറോണ ഐസൊലേഷൻ വാർഡിൽ തുടർച്ചയായ ഏഴുദിവസമാണ് ജോലിചെയ്തത്. ഇതിനുശേഷം 14 ദിവസക്കാലം മെഡിക്കൽ കോളേജിലെ പ്രത്യേക മുറിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞു. ഈ മാസം ആറിന് വൈകീട്ടാണ് ഉമ്മ സൈനബയുടെ മരണം. വീട്ടിൽവെച്ച് കുഴഞ്ഞുവീണ ഇവരെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിക്കും മുമ്പ് മരിച്ചു. സജ്ന നിരീക്ഷണത്തിലായതിൻറെ രണ്ടാംനാളിൽ ആയിരുന്നു ഇത്. ഉമ്മയുടെ മരണത്തെത്തുടർന്ന് വീട്ടിൽ പോയി മടങ്ങാൻ ആശുപത്രി അധികൃതർ അനുമതി നൽകിയെങ്കിലും നിരീക്ഷണത്തിൽ കഴിയുന്ന തന്റെ സാന്നിധ്യം മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുമെന്ന യാഥാർഥ്യം ഉൾക്കൊണ്ട് സജ്ന പോകാൻ തയ്യാറായില്ല. അടുത്തദിവസം മെഡിക്കൽ കോളേജ് മോർച്ചറിയിൽ പോസ്റ്റുമോർട്ടം കഴിഞ്ഞ് മൃതദേഹം പുറത്തിറക്കിയപ്പോഴാണ് അകലെനിന്ന് സജ്നയ്ക്ക് ഉമ്മയെ അവസാനമായി കാണാനായത്. ഐസൊലേഷൻ വാർഡിൽ ജോലിചെയ്ത സജ്നയടക്കമുള്ള 22 ജീവനക്കാർ ബുധനാഴ്ചയാണ് നിരീക്ഷണം കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങിയത്. കോവിഡ് സ്ഥിരീകരിച്ച യുവാവിനെ ഭേദപ്പെടുത്തി വീട്ടിലേക്കയയ്ക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യമാണ് ഉമ്മയുടെ വേർപാടിന്റെ വേദനയിലും സജ്ന പങ്കുവയ്ക്കുന്നത്. ജോലിക്കൊപ്പം ജീവകാരുണ്യപ്രവർത്തനങ്ങളിലും സജീവസാന്നിധ്യമാണ് സജ്ന. കൂട്ടിരിപ്പുകാരില്ലാത്ത രോഗികളെ സഹായിച്ചും കിടപ്പുരോഗികളെ വീടുകളിലെത്തി പരിചരിച്ചും ജോലിയുടെ മഹത്ത്വം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന സജ്നയ്ക്ക് വിവിധ സംഘടനകളുടെ ആതുരസേവന പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ആലപ്പുഴ കനാൽ വാർഡിൽ സഹദ് മൻസിലിൽ ജലീലിന്റെ മകളാണ്. പൊതുമരാമത്ത് ഇലക്ട്രിക്കൽ കോൺട്രാക്ടറായ സമീർ ആണ് ഭർത്താവ്. സാജിദ്, സഹദ് എന്നിവർ മക്കളും. Content Highlight: Coronavirus: Nurse unable to get home even Mother death
from mathrubhumi.latestnews.rssfeed https://ift.tt/2VjJKOh
via
IFTTT