Breaking

Saturday, April 18, 2020

ആ ഗജവീരന് ചോറുരുളകളുമായി കാത്തിരുന്നു; ഒടുവിൽ...

തൃപ്പൂണിത്തുറ : ഗജവീരൻ ദേവസ്വം സീതാരാമന്റെ വേർപാടിൽ ദുഃഖം താങ്ങാനാവാതെ വിഷമിക്കുകയാണ് ഇവിടെ ഒരു കുടുംബം. അവനായി കരുതിവെച്ചിരുന്ന ചോറുരുളകൾ അവർ അവസാനം പുഴയിൽ മത്സ്യങ്ങൾക്കായി ഒഴുക്കിക്കളഞ്ഞു. ദിവസങ്ങളായി ഈ ആനയ്ക്ക് ചോറ് കൊടുത്തുവരുന്ന പൂർണത്രയീശ ഭക്തനായ നർത്തകൻ ചിദംബരം വേണുഗോപാലിനും കുടുംബത്തിനുമാണ് ഈ കൊമ്പന്റെ വേർപാട് വലിയ വേദനയായത്. വേണുഗോപാലിന്റെ വീട്ടിൽനിന്ന് സീതാരാമന് ചോറ് കൊടുക്കുന്നു (ദിവസങ്ങൾക്കു മുമ്പ് എടുത്ത ചിത്രം) കൊറോണക്കാലമായതിനാൽ ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനമോ, വഴിപാടുകളോ ഒന്നുമില്ല. ആനയ്ക്ക് ചോറ് നൽകിക്കോട്ടെ എന്ന് പാപ്പാൻമാരോട് ചോദിച്ചപ്പോൾ അവർക്ക് ഏറെ സന്തോഷമായി. അവരുടെ സമ്മതത്തോടെയായിരുന്നു ദിവസങ്ങളായി ഗാന്ധിസ്ക്വയറിലെ വീട്ടിൽ ആനയ്ക്ക് തന്റെ മക്കൾ ആഞ്ജനേയനും അശ്വിനും ചേർന്ന് ചോറ് നൽകിയിരുന്നതെന്ന് വേണുഗോപാൽ പറഞ്ഞു. വലിയ 20 ഉരുള ചോറ് ദിവസവും കൊടുക്കുമായിരുന്നു. ശീവേലി കഴിഞ്ഞ് രാവിലെ 10.30-ഓടെ ആന ഇവിടെ എത്തും. വെള്ളിയാഴ്ച വരാൻ 11 ആകും എന്ന് പാപ്പാൻമാർ പറഞ്ഞിരുന്നു. എന്നാൽ, പത്തരയോടെ ആന ചരിഞ്ഞ വാർത്തയാണ് കേട്ടതെന്നും അത് വല്ലാത്ത വിഷമമായിയെന്നും അദ്ദേഹം പറഞ്ഞു. നല്ല ഇണക്കത്തോടെ, തുമ്പിയും ചെവികളും ആട്ടി അനുസരണയോടെയായിരുന്നു സീതാരാമൻ ഈ വീടിന്റെ ഗേറ്റ് കടന്ന് നിന്നിരുന്നത്. ഓരോ ചോറുരുളയും വേണുഗോപാലിന്റെ മക്കൾ ആനയുടെ വായിൽ െവച്ചുകൊടുക്കുകയായിരുന്നു പതിവ്. ഇനി തങ്ങളുടെ വീട്ടിൽനിന്ന് ചോറുരുള വാങ്ങിക്കഴിക്കാൻ ആ ഗജവീരൻ ഇല്ലല്ലോ എന്നത് ഈ കുടുംബാംഗങ്ങളെ വിഷമിപ്പിക്കുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3bib1Gh
via IFTTT