ഹോളിവുഡ് സെൻസേഷൻ ആഞ്ജലീന ജോളിയാവാനായിരുന്നു സർജറി നടത്തിയെന്ന പേരിൽ വാർത്തകളിലിടം നേടിയ ഇറാൻ സ്വദേശി സഹർ തബറിന് കോവിഡ് 19 എന്ന് റിപ്പോർട്ടുകൾ. മതനിന്ദ ആരോപിച്ച് 2019 അറസ്റ്റ് ചെയ്യപ്പെട്ട സഹർ തബർ ജയിലിലാണിപ്പോൾ കഴിയുന്നത്. കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ സഹറിന് വേണ്ടി ജാമ്യത്തിനായി അപേക്ഷിച്ചിരുന്നു. എന്നാൽ ഈ സാഹചര്യത്തിൽ സഹറിനെ പുറത്ത് വിടുന്നത് അപകടകരമാണെന്ന് ചൂണ്ടിക്കാട്ടി ജാമ്യം നൽകിയില്ല. ജയിലിൽ നിന്ന് സഹറിനെ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ടുകൾ. ഫത്തേമേ ഖിഷ്വന്ത് എന്നാണ് സഹറിന്റെ യഥാർഥ പേര്. ഇൻസ്റ്റാഗ്രാമിൽ സഹർ തബർ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ആഞ്ജലീനയെപ്പോലെയാവാൻ താൻ അമ്പത് ശസ്ത്രക്രിയ നടത്തിയെന്നായിരുന്നു സഹർ തബറിന്റെ അവകാശവാദം. ആഞ്ജലീനയുടെ ലോകത്തെ ഏറ്റവും വലിയ ആരാധിക എന്നാണ് സഹർ സ്വയം വിശേഷിപ്പിച്ചിരുന്നത്. ആഞ്ജലീനയെപ്പോലെയാവാൻ എന്തും ചെയ്യുമെന്നും ഭാരം നാൽപത് കിലോയിൽ കൂടാതിരിക്കാൻ ഭക്ഷണക്രമത്തിലും കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയെന്നും സഹർ പറഞ്ഞിരുന്നു. ശസ്ത്രക്രിയക്കുശേഷവുമുള്ള തന്റെ രൂപം എന്നവകാശപ്പെട്ട് സഹർ ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ടിരുന്നു. മാസങ്ങൾക്കുള്ളിൽ 325000 ചിത്രങ്ങളാണ് ഇങ്ങനെ സഹർ പോസ്റ്റ് ചെയ്തത്. തുടക്കത്തിൽ പലരും സഹറിനെ പിന്തുണയ്ക്കുകയും അഭിനന്ദിക്കുകയുമൊക്കെ ചെയ്തെങ്കിലും പിന്നീട് കടുത്ത വിമർശനവും പരിഹാസവുമായി. സഹർ സർജറി ചെയ്തിട്ടില്ലെന്നും ഫോട്ടോഷോപ്പിന്റെ സഹായത്തോടെ ചിത്രങ്ങൾ എഡിറ്റ് ചെയ്യുകയായിരുന്നുവെന്നും പിന്നീട് റിപ്പോർട്ടുകൾ വന്നു. മതനിന്ദയ്ക്ക് പുറമേ സാമൂഹിക മാധ്യമങ്ങളിലൂടെ അക്രമം ചെയ്യാൻ പ്രേരിപ്പിച്ചു, അഴിമതിയെ പ്രോത്സാഹിപ്പിച്ചു തുടങ്ങിയ കുറ്റങ്ങൾക്കാണ് സഹറിനെ അറസ്റ്റ് ചെയ്തത്. Content Highlights:Instagram Star Sahar Tabar,Fatemeh Khishvand Who Underwent Surgeries To Look Like Angelina Jolie Contracts COVID-19 in Jail Iran, Corona Outbreak
from mathrubhumi.latestnews.rssfeed https://ift.tt/3bv639z
via
IFTTT