കോട്ടയം: കൊറോണക്കാലത്ത് ഗിരിജയ്ക്കും സോമനും ഇരട്ടി മധുരവുമായ് അവരെത്തി. 51-ാം വയസ്സിൽ ഗിരിജ സിസേറിയനിലൂടെ ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയായി. പെസഹാ വ്യാഴാഴ്ച രാവിലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു, കാലത്തെ തോൽപ്പിച്ച ഗിരിജയുടെ പ്രസവം. 30 വർഷത്തെ കാത്തിരിപ്പിനൊടുവിൽ എത്തിയത് ആൺകുഞ്ഞും പെൺകുഞ്ഞും. ഗിരിജയുടെ പ്രായവും ആരോഗ്യവും ഒന്നും പ്രശ്നമായില്ല. സാധാരണ വളർച്ചയുള്ള ആരോഗ്യമുള്ള കുഞ്ഞുങ്ങളാണ് ഇരുവരും. ആറ്റുനോറ്റിരുന്ന കുഞ്ഞുങ്ങളെ ഒരുനോക്ക് കാണാനായിട്ടില്ലെങ്കിലും 55-കാരനായ സോമൻ പ്രവസവാർഡിന്റെ വിളിപ്പുറത്ത് പ്രാർഥനയോടെ കാത്തിരിപ്പുണ്ട്. ലോക് ഡൗൺ കാലമായതിനാൽ ഉറ്റ ബന്ധുക്കൾക്ക് സന്തോഷത്തിൽ പങ്കുചേരാൻ ഓടിവരാനാവാത്തതിന്റെ സങ്കടംമാത്രം ബാക്കി. തൊടുപുഴ മണക്കാട് സ്വദേശിയായ ഗിരിജയും മുതലക്കുളം കൊതകുത്തി സ്വദേശി സോമനും വിവാഹിതരായിട്ട് 30 വർഷം. കാണാത്ത ഡോക്ടർമാരില്ല, വിളിക്കാത്ത ദൈവങ്ങളില്ല. കൂലിപ്പണിക്കാരനാണ് സോമൻ. കിട്ടിയ പൈസ മുഴുവൻ ഒരു കുഞ്ഞിക്കാല് കാണാനുള്ള ചികിത്സകൾക്കായി സോമൻ മാറ്റിവെച്ചു. ഒരു വർഷമായി ചങ്ങനാശ്ശേരിയിലെ ഒരു ഡോക്ടറുടെ ചികിത്സയിലായിരുന്നു. ചികിത്സയ്ക്കായി വീടുവിട്ടിറങ്ങിയിട്ട് ഒരു വർഷം. ഗിരിജ ഗർഭിണിയായതോടെ ഏറെ ശ്രദ്ധവേണ്ടിവന്നു. കോട്ടയം മെഡിക്കൽ കോളേജിലേക്ക് ചികിത്സ മാറ്റിയതോടെ താമസിക്കാൻ ഒരിടം തേടി വലഞ്ഞു. സ്ത്രീസംരക്ഷണകേന്ദ്രമായ ഗാന്ധിനഗറിലെ സാന്ത്വനമാണ് തുണയായത്. ഇവിടെ നാലുമാസം ബെഡ്റസ്റ്റിലായിരുന്നു ഗിരിജ. ഗിരിജയുടെ അമ്മ ഒപ്പംനിന്നു. സോമൻ നാട്ടിൽനിന്നു ഇടയ്ക്കിടെ ഓടിയെത്തി വേണ്ടതെല്ലാം വാങ്ങിനൽകി മടങ്ങും. സിസേറിയൻ നിർദേശിച്ചതോടെ രക്തം വേണ്ടിവരുമെന്ന് ഡോക്ടർ അറിയിച്ചതോടെ സോമൻ നെട്ടോട്ടമായി. ലോക് ഡൗൺ ആയതിനാൽ നാട്ടിൽനിന്ന് ആളെ കൊണ്ടുവരാൻ കഴിയാതായി. രക്തദാതാക്കളുടെ ആഗോള സംഘടനയായ വേൾഡ് ബ്ളഡ് ബാങ്ക് ഡോട്ട് ഓർഗനൈസേഷന്റെ ഡയറക്ടർ, കോട്ടയത്തെ റേ മാത്യു വർഗീസ് ആണ് ഒടുവിൽ സഹായത്തിനെത്തിയത്. അടിയന്തര ഘട്ടമായതിനാൽ റേയുടെ മകൻ റിച്ചാർഡ് റേയും സുഹൃത്ത് സോജിയും വ്യാഴാഴ്ച മെഡിക്കൽ കോളേജിലേക്ക് ഓടിയെത്തി രക്തം നൽകി. ഗിരിജ ഒബ്സർവേഷനിലാണ്, പുറത്തിറക്കിയിട്ടില്ല. അമ്മ ലക്ഷ്മിക്കുട്ടിയാണ് കുഞ്ഞുങ്ങളെ പരിചരിച്ച് ഒപ്പമുള്ളത്. ആശുപത്രി വിടാൻ ലോക്ഡൗൺ സാഹചര്യത്തിൽ ദിവസങ്ങളെടുത്തേക്കും. Content Highlight: At the age of 51, Girija became a mother
from mathrubhumi.latestnews.rssfeed https://ift.tt/3c4cZtW
via
IFTTT