ന്യൂഡൽഹി: ഇന്ത്യയിൽ ചിലയിടങ്ങളിൽ കോവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ചുവെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഡയറക്ടർ രൺദീപ് ഗുലേറിയ.എന്നാൽ സർക്കാർ ഇതുവരെ സമൂഹവ്യാപനം സ്ഥിരീകരിച്ചിട്ടില്ല. മുംബൈയിൽ ഉൾപ്പെടെ ഇന്ത്യയിൽ ചിലയിടത്ത് സമൂഹവ്യാപനം ആരംഭിച്ചതായാണ് സൂചനകൾ. സ്റ്റേജ് രണ്ടിനും (പ്രാദേശിക വ്യാപനം)സ്റ്റേജ് മൂന്നിനും (സമൂഹവ്യാപനം) ഇടയിലാണ് ഇപ്പോൾ ഇന്ത്യയുടെ സ്ഥാനം, ഇത് ആശങ്കയ്ക്ക് വഴിതുറക്കുന്നുവെന്ന് ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഒരു പ്രത്യേക പ്രദേശത്ത് കേന്ദ്രീകരിച്ചുള്ള സമൂഹവ്യാപനമാണ് ഇപ്പോൾ കാണുന്നത്. ആരംഭഘട്ടത്തിൽ തന്നെ ഇതിനെ പ്രതിരോധിക്കാൻ സാധിച്ചാൽ പിന്നീട് ഭയപ്പെടേണ്ടതായി ഒന്നുമില്ല. പക്ഷെ നമ്മൾ ജാഗരൂഗരായിരിക്കേണ്ടതുണ്ട്. നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് സമ്മേളനമാണ് ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. അതുകൊണ്ട് സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവരേയും കണ്ടെത്തേണ്ടതും ക്വാറന്റൈൻ ചെയ്യേണ്ടതും ഏറെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. ഈ ഘട്ടത്തിൽ ലോക്ക് ഡൗൺ നല്ല തീരുമാനമാണ്. ഏപ്രിൽ 10ന് ശേഷം മാത്രമാണ് ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ചുള്ള വിശദമായ കണക്കുകൾ ലഭിക്കുകയുള്ളൂ. ലോക്ക് ഡൗൺ തുടരണോ എന്നതടക്കമുള്ള വിഷയങ്ങളിൽ അഭിപ്രായം പറയാൻ അതിനുശേഷം മാത്രമേ സാധിക്കുകയുള്ളൂവെന്നും രൺദീപ് ഗുലേറിയ പ്രതികരിച്ചു. Content Highlights:Corona virus community transmission in India
from mathrubhumi.latestnews.rssfeed https://ift.tt/2UPUVxX
via
IFTTT