Breaking

Wednesday, April 1, 2020

ഒരു ഫോൺ വിളി, കുഞ്ഞാമിയുടെ വീട്ടിൽ അഗ്നിരക്ഷാ സേനാ മരുന്നെത്തിച്ചു

വാളാട് : ''ഹലോ ഫയർഫോഴ്സ് ഓഫീസല്ലേ?'' അതേ.. എന്ന് മറുപടി.. വളരെ അത്യാവശ്യമായി കുറച്ച് മരുന്ന് വേണം. എത്തിക്കാൻ കഴിയുമോ? മാനന്തവാടിയിലേക്ക് പോകാൻ നിർവാഹമില്ലാത്തതു കൊണ്ടാ.. ഡോക്ടറുടെ കുറിപ്പടി വാട്സാപ്പിൽ അയക്കാൻ നിർദേശം. മണിക്കൂറുകൾക്കുള്ളിൽ മരുന്ന് വീട്ടിലെത്തി. മരുന്ന് ഏറ്റുവാങ്ങുമ്പോൾ വാളാട് പന്നിക്കോട് വീട്ടിൽ കുഞ്ഞാമിയ്ക്ക് പെരുത്ത് സന്തോഷം. മാനന്തവാടി അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥരാണ് വാളാടുള്ള വീട്ടിൽ മരുന്നെത്തിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് കുഞ്ഞാമിയുടെ വീട്ടിൽനിന്ന് അഗ്നിരക്ഷാ നിലയത്തിലേക്ക് വിളിച്ചത്. ഇവർക്ക് മാനന്തവാടിയിലെ മെഡിക്കൽ ഷോപ്പിൽ പോകാൻ കഴിയുമായിരുന്നില്ല. ഹൃദയ സംബന്ധമായ അസുഖംകാരണം കുറച്ചുകാലമായി മരുന്ന് കഴിച്ചുകൊണ്ടിരിക്കുകയാണ് അറുപത്തഞ്ചുകാരിയായ കുഞ്ഞാമി. മരുന്ന് തീർന്നതോടെ അത് എങ്ങനെ വാങ്ങുമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് വാട്സാപ്പിൽനിന്ന് ലഭിച്ച അഗ്നിരക്ഷാ നിലയത്തിലെ നമ്പറിലേക്ക് വിളിക്കാമെന്ന് കരുതിയത്. ആവശ്യപ്പെട്ട മരുന്ന് കിട്ടിയതോടെ ഇവർക്ക് വലിയ ആശ്വാസമായി. മരുന്ന് കുറിപ്പടി വാട്സാപ്പിൽ ലഭിച്ചതോടെ അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ സി.പി. ഗിരീഷ് മാനന്തവാടി ടൗണിലെ ശക്തി മെഡിക്കൽസിലെ ജീവനക്കാരന് അത് അയച്ചുനൽകി. അവിടെയുണ്ടെന്ന് ഉറപ്പുവരുത്തിയശേഷം അത് പൊതിഞ്ഞുവെക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ സതീഷ് ബാബു, മനു അഗസ്റ്റിൻ എന്നിവർ മരുന്ന് മാനന്തവാടിയിൽനിന്ന് 23 കിലോമീറ്റർ അകലെയുള്ള വാളാടുള്ള കുഞ്ഞാമിയുടെ വീട്ടിലെത്തിക്കുകയായിരുന്നു. മരുന്നിന്റെ തുക വാങ്ങി തിരികെ ഇവർ മെഡിക്കൽ ഷോപ്പിൽ എത്തിച്ചു നൽകുകയും ചെയ്തു. ഫയർ ആൻഡ് റസ്ക്യു കോവിഡ് - 19 കൺട്രോൾ റൂം നമ്പർ കല്പറ്റ: 04936 227101, മാനന്തവാടി: 04935 245052. Content Highlight: Firefighters helps heart patientin valat wayanad


from mathrubhumi.latestnews.rssfeed https://ift.tt/2w7hLYo
via IFTTT