Breaking

Saturday, February 9, 2019

റഫാലില്‍ പിന്തുണച്ചാല്‍ ദേശസ്‌നേഹി, അല്ലങ്കില്‍ ദേശവിരുദ്ധര്‍: അവസ്ഥ ഇതെന്ന് ശിവസേന

മുംബൈ: റഫാൽ കരാറിനായി പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തരമായി ഇടപെട്ടതിന്റെ തെളിവുകൾ പുറത്തുവന്നതിന് പിന്നാലെ ബിജെപിക്കെതിരെ വിമർശനവുമായി ശിവസേന. റഫാലിനെ പിന്തുണക്കുന്നവരെല്ലാം ദേശസ്നേഹികളും അതിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നവരെയെല്ലാം ദേശവിരുദ്ധരുമാക്കുന്ന സ്ഥിതിയാണെന്ന് ശിവസേന മുഖപത്രമായ സാമ്ന കുറ്റപ്പെടുത്തുന്നു. റഫാലിൽ തൃപ്തികരമായ മറുപടി കിട്ടുന്നത് വരെ ഓരോ ഇന്ത്യക്കാരനും ഇതിൽ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും. സത്യമേവ ജയതേ എന്ന മുദ്രാവാക്യമാണ് രാജ്യത്തെ നിലനിർത്തുന്നത്. പ്രതിപക്ഷം മരിച്ചാലും സത്യം എപ്പോഴും ജീവനോടെയുണ്ടാകും. നിങ്ങൾ എന്തിനാണ് അനാവശ്യമായി പ്രതിപക്ഷത്തെ പഴിക്കുന്നതെന്നും സാമ്ന മുഖപ്രസംഗം ചോദിക്കുന്നു. മോദി പാർലമെന്റിൽ റഫാൽ കരാറിനെ ന്യായീകരിച്ചതിന്റെ തൊട്ടടുത്ത ദിവസം ഹിന്ദു ദിനപത്രം കരാറിലെ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ തെളിയിക്കുന്ന രേഖ പുറത്തുവിട്ടു. ഇപ്പോൾ ബിജെപി പറയുന്നത് മുഴുവൻ സത്യങ്ങളും പ്രസിദ്ധീകരിച്ചില്ല എന്നാണ്. രാഹുൽ ഉന്നയിച്ച ആരോപണങ്ങൾ എന്തായി? എന്തിനാണ് അനാവശ്യമായി പ്രതിപക്ഷത്തെ പഴിക്കുന്നത്. ഇന്ന് കാവൽക്കാരൻ കള്ളനാണ് എന്നത് രാജ്യമെമ്പാടും പ്രസിദ്ധമായി. അതിന് കാരണം കോൺഗ്രസല്ല. മറിച്ച് കാര്യങ്ങൾ മറച്ചുവെക്കുന്ന മോദിയുടെ രീതികൊണ്ടാണ് അതിന് ഇത്ര പ്രചാരം കിട്ടിയത്. അതിനാൽ രാജ്യത്തെ ഓരോ പൗരനും കൃത്യമായ ഉത്തരം കിട്ടുന്നത് വരെ ചോദ്യം ചോദിച്ചുകൊണ്ടേയിരിക്കും. മോദി പറയുന്നത് ബിജെപിയെ വിമർശിക്കൂ, മോദിയെ വിമർശിക്കൂ, പക്ഷേ രാജ്യത്തെ വിമർശിക്കരുത് എന്നാണ്. ഇത് എന്താണ് അർഥമാക്കുന്നതെന്ന് മോദി ഭക്തന്മാർ വിശദീകരിക്കണെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു.


from mathrubhumi.latestnews.rssfeed http://bit.ly/2BtOZk3
via IFTTT