റാഞ്ചി: മുപ്പത്തിനാലാമത് ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിന്റെ ആദ്യദിനം മൂന്നു സ്വർണവുമായി കേരളം ചാമ്പ്യൻപട്ടത്തിനുള്ള മത്സരത്തിലേക്കിറങ്ങി. വെള്ളിയാഴ്ചമൂന്നു സ്വർണവും ഒരു വെള്ളിയും രണ്ടു വെങ്കലവും കേരളത്തിന്റെ അക്കൗണ്ടിലെത്തി. കേരളത്തിന്റെ രണ്ട് സ്വർണം ലോങ്ജമ്പിലും ഒന്ന് പോൾവാൾട്ടിലുമായിരുന്നു. ആദ്യദിനം രണ്ട് ദേശീയ റെക്കോഡും ഒരു മീറ്റ് റെക്കോഡും പിറന്നു. അണ്ടർ 18 പെൺകുട്ടികളുടെ ലോങ്ജമ്പിൽ ആൻസി സോജൻ (5.97 മീറ്റർ) കേരളത്തിന് ആദ്യ സ്വർണം സമ്മാനിച്ചു. അണ്ടർ 20 ആൺകുട്ടികളുടെ ലോങ്ജമ്പിൽ നിർമൽ സാബുവും (7.45 മീ.) അണ്ടർ 20 വനിതകളുടെ പോൾവാൾട്ടിൽ ദിവ്യ മോഹനും (3.20 മീ.) സ്വർണം നേടിയതോടെ കേരളം ആശ്വസിച്ചു. അണ്ടർ 18 പോൾവാൾട്ടിൽ ബ്ലെസ്സി കുഞ്ഞുമോൻ (2.80 മീ.) വെള്ളി നേടിയപ്പോൾ അണ്ടർ 20 പോൾവാൾട്ടിൽ സൗമ്യ വി.എസും (2.90 മീ.) ഷോട്ട്പുട്ടിൽ മേഘ മറിയം മാത്യുവും (13.35 മീ.) വെങ്കലം നേടി. ലോങ്ജമ്പിൽ പി.എസ്. പ്രഭാവതിയും പോൾവാൾട്ടിൽ കെ.എ. അനുജയും നാലാമതെത്തി. നിർമൽ സാബു, ബ്ലെസ്സി കുഞ്ഞുമോൻ കാഞ്ഞിരപ്പള്ളി വിഴിക്കത്തോട് സ്വദേശിയായ നിർമൽ സാബുവിന് ദേശീയതലത്തിൽ ഇത് ആദ്യമെഡലാണ്. തിരുവനന്തപുരം സായിയിൽ എം.എ. ജോർജിനു കീഴിൽ പരിശീലിക്കുന്നു. ആദ്യദിനം രണ്ടു റെക്കോഡ് മീറ്റിൽ രണ്ട് ദേശീയ റെക്കോഡുകൾ പിറന്നു. അണ്ടർ 16 പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ പഞ്ചാബിന്റെ ജാസ്മിൻ കൗർ (14.27) പുതിയ ദൂരം കുറിച്ചു. പഞ്ചാബിന്റെ തന്നെ പരംജ്യോത് കൗർ (14.22) 2016ൽ സ്ഥാപിച്ച റെക്കോഡാണ് മറികടന്നത്. ഈയിനത്തിൽ രണ്ടാമതെത്തിയ ഹരിയാണയുടെ അഞ്ജലി ദേശീയ റെക്കോഡ് മറികടന്നു. അണ്ടർ 16 പെൺകുട്ടികളുടെ ലോങ്ജമ്പിൽ റോബർട്ട് ബോബി ജോർജിന്റെ ശിഷ്യയായ ഉത്തർപ്രദേശിന്റെ ശൈലി സിങ് (5.94 മീറ്റർ) മറ്റൊരു ദേശീയ റെക്കോഡിന് ഉടമയായി. മേഘ മറിയം, വി.എസ് സൗമ്യ അണ്ടർ 20 വനിതകളുടെ ലോങ്ജമ്പിൽ 6.22 മീറ്റർ ചാടിക്കടന്ന പഞ്ചാബ് താരം രേണു, മലയാളിയായ വി. നീന 2010-ൽ സ്ഥാപിച്ച മീറ്റ് റെക്കോഡ് (6.19) മറികടന്നു. അണ്ടർ 18 ആൺകുട്ടികളുടെ പോൾവാൾട്ടിൽ മഹാരാഷ്ട്രയുടെ ദീപക് യാദവ് (4.79) മറ്റൊരു മീറ്റ് റെക്കോഡിന് ഉടമയായി. അണ്ടർ 20 ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും 100 മീറ്റർ അടക്കം ഞായറാഴ്ച 40 ഫൈനലുകൾ നടക്കും. 400 മീറ്റർ, 100-110 മീറ്റർ ഹർഡിൽസ് ഇനങ്ങളിലും ഞായറാഴ്ച ഫൈനലുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2PzASSE
via
IFTTT