ഹോങ്കോങ്: കഴിഞ്ഞ വർഷം ജനാധിപത്യവാദികളുടെ സമരത്താൽ കലാപ കലുഷിതമായിരുന്ന ഹോങ്കോങ്ങിൽ പുതിയ ദേശീയ സുരക്ഷാ നിയമം ചൈന നടപ്പിലാക്കാനൊരുങ്ങുന്നു. ഹോങ്കോങ്ങിന് മേൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ചൈന ശ്രമിച്ചാൽ ശക്തമായ തിരിച്ചടികളുണ്ടാകുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് വകവെക്കാതെയാണ് ചൈനയുടെ നീക്കം. ചൈനയുടെ നടപടിക്ക് പിന്നാലെ ഒരിടവേളയ്ക്ക് ശേഷം ഹോങ്കോങ്ങിൽ വീണ്ടും പ്രതിഷേധം തലപൊക്കി തുടങ്ങി. 1997ൽ പ്രദേശം ബ്രിട്ടീഷുകാർ ചൈനയ്ക്ക് വിട്ടുനൽകിയതിന് ശേഷം ഉണ്ടായ ഏറ്റവും വലിയ പ്രക്ഷോഭം നടന്നത് 2019ലായിരുന്നു. ചൈനയിൽ എവിടെയും ലഭിക്കാത്ത പ്രത്യേക അവകാശങ്ങൾ സ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങിലെ ജനതയ്ക്ക് ലഭിക്കുന്നുണ്ട്. പ്രദേശത്തിന് മേൽ നിയന്ത്രണങ്ങൾ കൂടുതൽ ഏർപ്പെടുത്താൻ ചൈന ശ്രമിച്ചപ്പോഴൊക്കെ അവിടെ പ്രക്ഷോഭങ്ങളും ഉണ്ടായിട്ടുണ്ട്. അതേസമയം പുതിയ നിയമത്തിന്റെ വിശദാംശങ്ങൾ ഇന്ന് വിശദീകരിക്കുമെന്നാണ് ചൈനീസ് നിയമനിർമാണ സഭയായ നാഷണൽ പീപ്പിൾസ് കോൺഗ്രസിന്റെ സ്പീക്കർ ഴാങ് യെസുയി വ്യക്തമാക്കിയിട്ടുണ്ട്. നാഷണൽ പീപ്പിൾസ് കോൺഗ്രസിന്റെ വാർഷിക സമ്മേളനം വെള്ളിയാഴ്ച ചേരുമെന്നും അദ്ദേഹം അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ നാഷണൽ പീപ്പിൾസ് കോൺഗ്രസ് അതിന്റെ നിയമ നിർമാണ അധികാരം വിനിയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചൈനയുടെ നീക്കം എന്താണെന്ന് വ്യക്തമല്ലെന്നും എന്നാൽ വ്യക്തമായാൽ അതിനോട് ഉചിതമായി പ്രതികരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഹോങ്കോങ്ങിന്റെ സ്വയംഭരണം സംരക്ഷിക്കുന്നതിനായി അമേരിക്ക ഒരു നിയമം കൊണ്ടുവന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് അമേരിക്ക മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. Content Highlights:China set to impose new Hong Kong security law, Trump warns of strong US reaction
from mathrubhumi.latestnews.rssfeed https://ift.tt/2zWPepW
via
IFTTT