ന്യൂഡൽഹി:കോവിഡ്-19 ബാധിതരെ ട്രാക്ക് ചെയ്യുന്നതിനായി സർക്കാർ വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷൻ ആരോഗ്യസേതു ഡൗൺലോഡ് ചെയ്തവരുടെ എണ്ണം അഞ്ച് കോടി കടന്നു. 13 ദിവസത്തിനുള്ളിൽ അഞ്ച് കോടിയിലധികം പേർ ഡൗൺലോഡ് ചെയ്തതോടെ ഏറ്റവും വേഗത്തിൽ ഏറ്റവുമധികം പേരിലേക്കെത്തുന്ന ആപ്പായി ആരോഗ്യസേതുവെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് ബുധനാഴ്ച ട്വിറ്ററിലൂടെ അറിയിച്ചു. അഞ്ച് കോടി ജനങ്ങളിലേക്ക് ടെലിഫോൺ എത്തിച്ചേരാൻ 75 കൊല്ലവും റേഡിയോ എത്താൻ 38 കൊല്ലവും ടെലിവിഷൻ എത്താൻ 13 കൊല്ലവും ഇന്റർനെറ്റ് 4 കൊല്ലവും ഫെയ്സ് ബുക്ക് 19 മാസവും പോക്കെമോൻ ഗോ എത്തിയത് 19 ദിവസവുമാണെടുത്തത്. കോവിഡ്-19 നെതിരെയുള്ള പ്രതിരോധപ്രവർത്തനത്തിനായി ഇന്ത്യ വികസിപ്പിച്ചെടുത്ത ആപ്പ് കേവലം 13 ദിവസം കൊണ്ട് 5 കോടിയിലധികം പേർ ഡൗൺലോഡ് ചെയ്ത് ലോകത്തിൽ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവുമധികം പേരിലെത്തുന്ന ആപ്പായി മാറി. അമിതാഭ് കാന്ത് ട്വീറ്റ് ചെയ്തു. ഏപ്രിൽ 14 ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി ആരോഗ്യസേതു ആപ്പ് എല്ലാവരും ഡൗൺലോഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് നിയമിച്ച കമ്മിറ്റിയുടെ മേൽനോട്ടത്തിൽ നീതി ആയോഗും ഇലക്ട്രോണിക്സ് ആൻഡ് ഐടി വകുപ്പും സംയുക്തമായാണ് ആപ്പ് വികസിപ്പിച്ചെടുത്തത്. ടെക് മഹീന്ദ്രയും മഹീന്ദ്രഗ്രൂപ്പും ആപ്പിനെ കൂടുതൽ വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കൊറോണ ബോധവത്ക്കരണത്തിനും രോഗലക്ഷണങ്ങൾ വ്യക്തികൾക്ക് സ്വയം പരിശോധിക്കാനും ലക്ഷ്യമിട്ടാണ് ആരോഗ്യസേതു വികസിപ്പിച്ചെടുത്തത്. 11 ഭാഷകളിൽ ഉള്ള മൊബൈൽ ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ലഭ്യമാണ്. ഉപയോക്താവിന്റെ സ്വകാര്യത ആപ്പ് വഴി ഹനിക്കില്ല എന്ന് കേന്ദ്രസർക്കാരിന്റെ ഉറപ്പുമുണ്ട്. Content Highlights: Aarogya Setu becomes world's fastest app to reach 5 crore downloads
from mathrubhumi.latestnews.rssfeed https://ift.tt/3ennp9X
via
IFTTT