കാസർകോട് : കോവിഡ് 19 പരിശോധനാഫലം പോസിറ്റീവായപ്പോൾ 57 കാരനായ അബ്ദുൾഗഫൂർ ഒന്ന് ഭയന്നു. പ്രായം കൂടുതലാണ്, കൂടാതെ പ്രമേഹരോഗവും ഉള്ള താൻ എങ്ങനെ ഈ മഹാമാരിയെ അതീജീവിക്കുമെന്നോർത്ത് ഗഫൂറിന്റെ മനസ്സൊന്ന് പിടഞ്ഞു. മാർച്ച് 21-ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുമ്പോൾ, തന്നെ ശുശ്രൂഷിക്കാനെത്തിയ ദൈവകരങ്ങളിലർപ്പിച്ച വിശ്വാസമാണ് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നതെന്ന് മൈമൂൻ നഗർ മൊഗ്രാൽ സ്വദേശി അബ്ദുൾ ഗഫൂർ പറയുന്നു. ചികിത്സയുടെ ഭാഗമായി മാർച്ച് 26-ന് കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അവിടെയും മികച്ച പരിചരണമാണ് ലഭിച്ചതെന്ന് അദ്ദേഹം പറയുന്നു. ഭയത്തിനെ മനസ്സിൽനിന്ന് ആദ്യം തുടച്ചുനീക്കുകയാണ് വേണ്ടത്. ജാഗ്രതയോടെ കാര്യങ്ങളെ സമീപിക്കുകയാണ് ഉചിതം. കേരളത്തിൽ സർക്കാർ മികച്ച സൗകര്യങ്ങളാണ് കോവിഡിനെ ഉന്മൂലനം ചെയ്യാൻ ഒരുക്കിയിരിക്കുന്നത്- ഗഫൂർ പറയുന്നു. മാർച്ച് 14-നാണ് ഗൾഫിലെ നൈഫ് മേഖലയിൽനിന്ന് കരിപ്പൂർ വിമാനത്താവളത്തിൽ ഇദ്ദേഹം മകനോടൊപ്പം പറന്നിറങ്ങുന്നത്. നാട്ടിലെത്തി നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. മകന്റെ ഫലം നെഗറ്റീവായിരുന്നു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന സമയത്ത്, സദാസമയവും ഡോക്ടർമാരും നഴ്സുമാരും രോഗികളുടെ വിഷമതകൾ പരിഹരിക്കുന്നതിന് കൂടെനിന്നുവെന്ന് ഗഫൂർ പറയുന്നു. ശനിയാഴ്ച സ്രവപരിശോധനാഫലം നെഗറ്റീവായതിനെത്തുടർന്ന് ഞായറാഴ്ച ഇദ്ദേഹത്തെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. ഇനിയുള്ള 14 ദിനം വീട്ടിൽ മുറിയിൽ നിരീക്ഷണത്തിലിരിക്കാനാണ് ഡോക്ടർമാർ നിർദേശിച്ചത്. Content Highlight: Gafoor tested negative coronavirus
from mathrubhumi.latestnews.rssfeed https://ift.tt/2JZYs6D
via
IFTTT