Breaking

Thursday, April 16, 2020

‘ആശുപത്രിയിൽ കഴിയുമ്പോൾ വീട്ടുകാർ അറിയരുതേ എന്നായിരുന്നു പ്രാർത്ഥന’

കൊച്ചി: ഇന്നാണ് ഭാര്യയോടും അമ്മയോടും പറഞ്ഞത്... അവർ രോഗവിവരം അറിയരുതേയെന്നായിരുന്നു എന്റെ പ്രാർത്ഥന... അറിഞ്ഞാൽ അവർ ഭയന്ന് പോകുമായിരുന്നു... കൊറോണയുടെ പിടിയിൽനിന്ന് രക്ഷപ്പെട്ട് ക്വാർട്ടേഴ്സിലേക്ക് മടങ്ങിയ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് കുമാർ പറഞ്ഞു. മാർച്ച് 28 മുതൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സന്തോഷ് കുമാർ ബുധനാഴ്ച ഉച്ചയോടെയാണ് ആശുപത്രി വിട്ടത്. കാലടിയിലെ ക്വാർട്ടേഴ്സിൽ തനിച്ചാണിപ്പോൾ. 24 വരെ ഹോം ഐസൊേലഷനാണ്. 25-ന് തിരികെ ജോലിയിൽ പ്രവേശിക്കും; കൊറോണയ്ക്ക് എതിരെയുള്ള പോരാട്ടം തുടരാൻ... സന്തോഷിൻറെ വാക്കുകളിൽ പ്രകടമായത് കേരളത്തിലെ ആരോഗ്യ പ്രവർത്തകരുടെ മുഴുവൻ ആത്മധൈര്യമായിരുന്നു. കോവിഡ് പ്രതിരോധത്തിനിടയിൽ വൈറസ് ബാധിതനായ രണ്ടാമത്തെ ആരോഗ്യപ്രവർത്തകനാണ് സന്തോഷ് കുമാർ. അമ്മയെയും ഭാര്യയെയും മക്കളെയും കാണാൻ മനസ്സ് കൊതിക്കുന്നുണ്ടെങ്കിലും ലോക്ക്ഡൗൺ കഴിഞ്ഞെ അതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുകയുള്ളൂവെന്ന് തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ സന്തോഷ് കുമാർ പറഞ്ഞു. കഴിഞ്ഞ പതിന്നൊന്നര വർഷമായി എറണാകുളം ജില്ലയിലാണ് ജോലി. ചൊവ്വര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുമ്പോഴാണ് നെടുമ്പാശ്ശേരി എയർപോർട്ടിലെ സ്ക്രീനിങ് ഡെസ്കിലേക്ക് നിയമിക്കുന്നത്. മാർച്ച് 19-നും 21-നും ഡ്യൂട്ടി ചെയ്തിരുന്നു. 23-ന് ചെറിയ പനി തുടങ്ങി. പിന്നെ 27- ഓടെ ചുമയും തുടങ്ങി. സംശയം തോന്നിയതിനാൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ച് പരിശോധിച്ചു. 28-ന് രോഗം സ്ഥിരീകരിച്ചു ആശുപത്രിയിൽ അഡ്മിറ്റാവുകയായിരുന്നു. ഇതിനിടയിൽ ഔദ്യോഗിക ആവശ്യവുമായി ഓഫീസിൽ പോകേണ്ടതായി വന്നിരുന്നെങ്കിലും അവരെയെല്ലാം പരിശോധിച്ച് നെഗറ്റീവ് ആണെന്ന് ഉറപ്പാക്കി. കൂടെ എയർപോർട്ടിൽ ജോലി ചെയ്തിരുന്ന ഒരു സഹപ്രവർത്തകൻ കൂടി സമാന സാഹചര്യത്തിൽ പോസിറ്റീവായിട്ടുണ്ട്. അദ്ദേഹവും സുഖംപ്രാപിച്ചു വരുന്നുവെന്ന് സന്തോഷ് പറഞ്ഞു. ജോലിയിൽ തിരികെ എത്തുമ്പോഴും കോവിഡ് 19 രോഗികളെ സ്ക്രീൻ ചെയ്യാനാണ് നിയോഗിക്കപ്പെടുന്നതെങ്കിൽ സന്തോഷത്തോടെ ഏറ്റെടുക്കാനാണ് തീരുമാനമെന്ന് സന്തോഷ് കുമാർ പറയുന്നു. എല്ലാവരും റിസ്കെടുത്ത് കുറെ കാര്യങ്ങൾ ചെയ്യുന്നതുകൊണ്ടാണല്ലോ കേസുകളുടെ എണ്ണം പിടിച്ചുനിർത്തി ലോകത്തിനു തന്നെ മാതൃകയാകാൻ കഴിഞ്ഞത്. കളമശ്ശേരിയിൽ കിട്ടിയത് വലിയ കരുതൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ വലിയ കരുതലാണ് കിട്ടിയത്. പനിയും ചുമയും കൂടാതെ ന്യുമോണിയ ലക്ഷണങ്ങൾ, ചെറിയ നെഞ്ചിടിപ്പും. പിന്നെ അല്പം വയറിളക്കവും. പക്ഷേ ഒന്നും ഗുരുതരമാകാതെ നോക്കാൻ കഴിഞ്ഞു. അതിന് ആശുപത്രി ജീവനക്കാരോട് കടപ്പെട്ടിരിക്കുന്നു. കൊറോണ സ്ഥിരീകരിച്ചപ്പോൾ ആദ്യം അങ്കലാപ്പായിരുന്നു. പിന്നീട് അതുമായി പൊരുത്തപ്പെട്ടു. വീട്ടിലെ കാര്യമോർത്തായിരുന്നു ആശങ്ക മുഴുവൻ, രോഗം ഭേദമായതിന്റെ ആശ്വാസത്തോടെ സന്തോഷ് പറഞ്ഞുനിർത്തി. Content Highlight: Covid infected health inspector discharged


from mathrubhumi.latestnews.rssfeed https://ift.tt/34DAdVa
via IFTTT