Breaking

Tuesday, April 7, 2020

ഇനി മടങ്ങിവരാത്ത മകനെയോര്‍ത്ത് സങ്കടത്തിന്റെ ഏഴാംകടലിനക്കരെ സജിയും കുടുംബവും

കോട്ടയം: ഇനി മടങ്ങിവരാത്ത മകനെയോർത്ത് മനസ്സ് നീറി ഈ അച്ഛനുമമ്മയും. ആശ്വസിപ്പിക്കാൻ ബന്ധുക്കൾ അടുത്തില്ല. കൊറോണ എന്ന മഹാവ്യാധി തീർത്ത സങ്കടത്തുരുത്തായി അമേരിക്കയിലെ എൽമണ്ടിലുള്ള ഇവരുടെ വീട്. കൊറോണ ബാധിച്ച് മരിച്ച ഷോൺ ഏബ്രഹാമിന്റെ അച്ഛൻ സജിയെ വീഡിയോകോളിലൂടെ ആശ്വസിപ്പിക്കാനേ ബന്ധുജനങ്ങൾക്കും ആകുന്നുള്ളൂ. കഴിഞ്ഞ ദിവസമാണ് തിരുവല്ല വളഞ്ഞവട്ടം തൈക്കടവിൽ സജി ഏബ്രഹാമിന്റെയും സോളിയുടെയും മകൻ ഷോൺ (21) അമേരിക്കയിൽ മരിച്ചത്. ആശ്വാസവാക്കുകൾ ഒരു ടച്ച് സ്ക്രീനിനപ്പുറം ഒരു ടച്ച് സ്ക്രീനിനപ്പുറംനിന്നുള്ള ആശ്വാസവാക്കുകൾ മാത്രമാണ് കുടുംബത്തിന് ധൈര്യം പകരുന്നത്. താങ്ങും തണലുമാകേണ്ട മകന്റെ ചേതനയറ്റശരീരം ഏറ്റുവാങ്ങാനോ അന്ത്യചുംബനം നല്കാനോ ഇവർക്ക് കഴിയുന്നില്ല. ന്യൂയോർക്കിലെ എൽമണ്ടിൽ സ്ഥിരതാമസമാക്കിയ കുടുംബമാണിത്. മറ്റംഗങ്ങൾക്ക് കൊറോണ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സജിയും ഭാര്യയും രണ്ട് പെൺമക്കളും വീട്ടിൽ നിരീക്ഷണത്തിലാണ്. ബിസിനസുകാരനായ സജി അമേരിക്കൻ മലയാളികളുടെ സംഘടനായ ഫോമയുടെ സ്ഥാപക നേതാക്കളിലൊരാളാണ്. ഭാര്യ സോളി നഴ്സാണ്. കൂടിച്ചേരലുകളില്ല കൊറോണ അവിടെയും കൂടിച്ചേരലുകളെ വിലക്കിയിരിക്കുന്നു. മരണവീടാണെങ്കിലും മറ്റാർക്കും പ്രവേശനമില്ല. ഓൺലൈൻ വഴി മലയാളി ഹെൽപ്പ് ഫോറം പ്രാർഥന സംഘടിപ്പിച്ചു. സിറോ മലബാർ സഭയുടെ അമേരിക്കയിലെ ബിഷപ്പ് ജോയി ആലപ്പാട്ട്, ഓർത്തഡോക്സ് സഭയിലെ സഖറിയാസ് മാർ നിക്കോളാവാസ് മെത്രാപ്പൊലീത്ത, മാർത്തോമ സഭയിലെ റവ.ഡോ. ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ എന്നിവർ ഓൺലൈൻ പ്രാർഥനകൾക്ക് നേതൃത്വം നല്കി. രണ്ടുദിവസത്തിനുള്ളിൽ ഷോണിന്റെ ശവസംസ്കാരം നടത്തുമെന്ന് ബന്ധുക്കൾ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പാലിച്ചാവും ശവസംസ്കാരം. നിലവിലെ സാഹചര്യത്തിൽ കുടുംബാംഗങ്ങൾക്ക് ശവസംസ്കാരത്തിൽ പങ്കെടുക്കാൻ കഴിയില്ല. നാട്ടിലെത്തിയത് മൂന്നുവർഷം മുമ്പ് ന്യൂയോർക്കിലെ ബറുക്ക് ബിസിനസ് സ്കൂളിലെ മൂന്നാം വർഷ കൊമേഴ്സ് വിദ്യാർഥിയായ ഷോൺ ഒടുവിൽ നാട്ടിലെത്തിയത് മൂന്നുവർഷം മുമ്പാണെന്ന് സജിയുടെ സഹോദൻ റെജി ഏബ്രഹാം തൈക്കടവിൽ പറഞ്ഞു. ഫോമയുടെ കൺവെൻഷനുമായി ബന്ധപ്പെട്ട് സജിയും ഭാര്യയും കഴിഞ്ഞ ജനുവരിയിൽ നാട്ടിലെത്തിയിരുന്നെങ്കിലും മക്കളെ കൊണ്ടുവന്നില്ല. മരിക്കുന്നതിന് അഞ്ചുദിവസം മുമ്പും ഷോണുമായി ഫോണിൽ സംസാരിച്ചിരുന്നു. അന്നവൻ ആരോഗ്യവാനായിരുന്നു. ഇത്രവേഗം അവൻ ഞങ്ങളെ വിട്ടുപോകുമെന്ന് കരുതിയില്ല- റെജി പറഞ്ഞു. Content Highlight: CoronaVirus: Forma founder member Saji Abrahams son dies


from mathrubhumi.latestnews.rssfeed https://ift.tt/3dWMdWa
via IFTTT