Breaking

Wednesday, April 15, 2020

ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളെ കമഴ്ത്തി കിടത്തുന്നത് ഗുണകരമെന്ന് ഗവേഷകര്‍

വാഷിങ്ടൺ: ഗുരുതരാവസ്ഥയിലുള്ള കോവിഡ് 19 രോഗികളെ കമഴ്ത്തി കിടത്തുന്നതിലൂടെ അവരുടെ ജീവൻ നിലനിർത്താൻ സാധിക്കുമെന്ന് അമേരിക്കൻ ആരോഗ്യപ്രവർത്തകർ. അത്യാസന്ന നിലയിലുള്ള രോഗികളെ കമഴ്ത്തി കിടത്തുന്നതിലൂടെ രോഗികളുടെ നില മെച്ചപ്പെടുന്നതായി വ്യക്തമായിട്ടുണ്ടെന്ന് അമേരിക്കൻ ആരോഗ്യപ്രവർത്തകരെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. രോഗികളെ ഇങ്ങനെ കമഴ്ത്തി കിടത്തി അവരുടെ ജീവൻ രക്ഷിക്കാൻ തങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ന്യൂയോർക്ക് സിറ്റിയിലെ നോർത്ത്വെൽ ഹെൽത്ത് തീവ്രപരിചരണ വിഭാഗം ഡയറക്ടർ മംഗള നരസിംഹം പറയുന്നു. ഇത് വളരെ ലളിതമായ ഒരു കാര്യമാണ്. എന്നാൽ ഇങ്ങനെ ചെയ്യുന്നതിലൂടെ രോഗികളുടെ നിലയിൽ വലിയ പുരോഗതി കാണാനാവുന്നുണ്ട്. ഓരോ രോഗിയിലും ഇതിന്റെ പ്രതിഫലനം പ്രകടമാണ്, അവർ പറഞ്ഞു. കമഴ്ത്തി കിടത്തുന്നത് രോഗികളുടെ ശ്വാസകോശത്തിന് കൂടുതൽ ഓക്സിജൻ ലഭിക്കാൻ സഹായകരമാണെന്നാണ് നിഗമനം. ഈ നിലയിൽ കിടത്തുന്നതോടെ ഓക്സിജൻ ലഭ്യമാകുന്നതിന്റെ തോത് 85 ശതമാനത്തിൽനിന്ന് 98 ശതമാനമായി ഉയരുന്നതായി കണ്ടത്തിയിട്ടുണ്ട്. കമഴ്ത്തി കിടത്തുന്നതോടെ മുൻപ് ഉപയോഗിക്കാതിരുന്ന ശ്വാസകോശ ഭാഗങ്ങൾ ഉപയോഗിക്കാൻ രോഗിക്ക് സാധിക്കുന്നതാണ് ഇതിനു കാരണമെന്ന് മസാച്ചുസെറ്റ്സ് ജനറൽ ഹോസ്പിറ്റൽ മെഡിക്കൽ ഐസിയു ഡയറക്ടർ കാതറിൻ ഹിബ്ബെർട്ട് പറയുന്നു. അണുബാധ മൂലം ഗുരുതരമായ ശ്വാസകോശ തകരാറുകൾ അനുഭവിക്കുന്ന രോഗികളിൽ മരണനിരക്ക് കുറയ്ക്കുന്നതിന് രോഗികളെ കമഴ്ത്തി കിടത്തുന്നത് സഹായകരമാകുമെന്ന് കണ്ടെത്തുന്ന പഠനം 2013ൽ ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള കോവിഡ് 19 രോഗികളുടെ ശ്വാസകോശവും സമാനമായ പ്രശ്നങ്ങളാണ് അഭിമുഖീകരിക്കുന്നതെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. കോവിഡ് 19ന്റെ ആരംഭസ്ഥാനമായി കരുതപ്പെടുന്ന ചൈനയിലെ വുഹാനിലും സമാനമായ പഠനം നടന്നിട്ടുണ്ട്. കോവിഡ് രോഗികളെ കമഴ്ത്തി കിടത്തുന്നത് ചില രോഗികളിൽ വെന്റിലേറ്റർ ഉപയോഗിക്കുന്നതിനേക്കാൾ പ്രയോജനം ചെയ്യുന്നതായി ഈ പഠനം ചൂണ്ടിക്കാട്ടുന്നു. വെന്റിലേറ്റർ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ഉയർന്ന പോസിറ്റീവ് മർദ്ദത്തേക്കാൾ ചില രോഗികളിൽ പ്രയോജനം ചെയ്യുക കമഴ്ന്നുള്ള കിടപ്പാണെന്നാണ് ഈ പഠനം നൽകുന്ന സൂചനയെന്ന് നൻജിങ്ങിലെ സൗത്ത് ഈസ്റ്റ്യുണിവേഴ്സിറ്റി പ്രൊഫസറും പഠനത്തിന് മേൽനോട്ടംവഹിച്ച ഗവേഷകനുമായ ഹെയ്ബോ ക്യൂ പറയുന്നു. ചില ഗുണവശങ്ങൾ പ്രകടമായെങ്കിലും കോവിഡ് രോഗികളിലെല്ലാം ഒരുപോലെ ഇത് പ്രയോജനം ചെയ്യുമെന്ന് പറയാനാവില്ലെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. മാത്രമല്ല, ഗുരുതരാവസ്ഥയിലുള്ള പല രോഗികൾക്കും ഏറെ സമയം കമഴ്ന്നുകിടക്കാനുള്ള ശാരീരികാവസ്ഥ ഉണ്ടാവുകയുമില്ല. വെന്റിലേറ്ററുകൾ അത്യാവശ്യമില്ലാത്ത, എന്നാൽ കൂടുതൽ ഓക്സിജൻ ആവശ്യമുള്ള രോഗികളിൽ ഈ രീതി പരീക്ഷിച്ചു നോക്കുകയാണ് ഇപ്പോൾ അമേരിക്കയിലെ ആരോഗ്യപ്രവർത്തകർ. Content Highlilghts:flipping COVID-19 patients onto prone position is effective to keep them alive in intensive care


from mathrubhumi.latestnews.rssfeed https://ift.tt/2z1UEzy
via IFTTT