Breaking

Tuesday, April 7, 2020

ഇത് അതിജീവനത്തിന്റെ കണ്ണീർപ്പൂക്കൾ; മലപ്പുറത്തെ ആദ്യ കോവിഡ് രോഗി ആശുപത്രി വിട്ടു

മഞ്ചേരി: സമയം തിങ്കളാഴ്ച രാവിലെ 10.05. വീൽചെയറിൽ മറിയക്കുട്ടിയെയുംകൊണ്ട് നഴ്സ് പുറത്തുവന്നു. മെഡിക്കൽ കോളേജിൽ കൊറോണയെ അതിജീവിച്ചു പടിയിറങ്ങിയ അവർ പുറത്ത് കാത്തുനിൽക്കുന്ന ബന്ധുക്കളെ കണ്ടതോടെ നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞു. ഒരു ബന്ധുവിന്റെ കൈപിടിക്കാനാഞ്ഞപ്പോൾ നോഡൽ ഓഫീസർ ഡോ. ഷിനാസ്ബാബു പാഞ്ഞെത്തി വിലക്കി. 'ഉമ്മാ..ആശുപത്രിയിൽ കഴിഞ്ഞതുപോലെ 14 ദിവസം വീട്ടിലും കഴിയണം. മറക്കരുത്...' സ്നേഹപൂർവം അദ്ദേഹം ഉപദേശിച്ചു. മനസാ നന്ദിപറഞ്ഞ് മറിയക്കുട്ടി ഡോക്ടറെ നോക്കി. ഫ്ലാഷുകൾ മിന്നി... ലോകം ഭയക്കുന്ന ഒരു രോഗത്തിന് കീഴ്പെട്ട മറിയക്കുട്ടി അമ്പരപ്പ് വിട്ടുമാറാതെ വീട്ടിലേക്ക് മടങ്ങി. കരുതിവെച്ച ആപ്പിൾപെട്ടികൾ എം. ഉമ്മർ എം.എൽ.എ. ഡോക്ടർമാർക്കും ജീവനക്കാർക്കും നൽകി. കൂട്ടായ പ്രവർത്തനത്തിലൂടെ അതിജീവനത്തിന്റെ ചരിത്രം രചിച്ചതിന്റെ മധുരം. ''പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ട്. സൂപ്രണ്ടിന്റെ നേതൃത്വത്തിൽ കൂട്ടായ പ്രയത്നത്തിന്റെ വിജയമാണിത്. ഒരു ഫാൻ മാത്രം കറങ്ങുന്ന ഐസൊലേഷനിൽ നാലുമണിക്കൂർ പി.പി. വേഷത്തിൽ ഡ്യൂട്ടിചെയ്ത് ക്ഷീണിച്ചു പുറത്തുവരുന്ന നഴ്സിനെയും ക്ലീനിങ് ജീവനക്കാരിയെയും കാണുമ്പോൾ കരച്ചിൽ വരും''-നഴ്സിങ് സൂപ്രണ്ട് ലിജ എസ്. ഖാൻ പറഞ്ഞു. നഗരസഭാധ്യക്ഷ വി.എം. സുബൈദ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.പി. ശശി, സൂപ്രണ്ട് ഡോ. നന്ദകുമാർ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ശീനാലാൽ, ആർ.എം.ഒമാരായ അഫ്സൽ, സഗീർ, ജലീൽ, ഹെൽത്ത് ഇൻസ്പെക്ടർ വിശ്വജിത്ത്, നഴ്സിങ് ജീവനക്കാരായ സുജാത, അനില, പുഷ്പലത, സുവർണ, മിനി ജോസഫ്, കൃഷ്ണ എന്നിവരും മറ്റു ജീവനക്കാരും മറിയക്കുട്ടിയെ യാത്രയയക്കാൻ എത്തിയിരുന്നു. ഉംറ കഴിഞ്ഞു നാട്ടിലെത്തിയ വാണിയമ്പലം കോക്കാടൻ മറിയക്കുട്ടി രണ്ടു പരിശോധനാഫലങ്ങളിൽ തുടർച്ചയായി നെഗറ്റീവ് ആയിരുന്നു. രോഗലക്ഷണങ്ങളുമായി മാർച്ച് ഒൻപതിന് നാട്ടിലെത്തിയ ഇവർ വാണിയമ്പലത്തെ ക്ലിനിക്കുകളിലും വണ്ടൂർ താലൂക്ക് ആശുപത്രിയിലും ചികിത്സിച്ചശേഷമാണ് 13-ന് മെഡിക്കൽ കോളേജിൽ ഐസൊലേഷനിലായത്. 23 ദിവസത്തിനുശേഷമാണ് വീട്ടിലേക്ക് മടങ്ങുന്നത്. ഇവർക്കൊപ്പം അരീക്കോട്ടുനിന്നുള്ള ഒരു സ്ത്രീക്കും കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. ഗൾഫിൽനിന്നെത്തിയ 10 പേരും യു.കെയിൽ നിന്നെത്തിയ ഒരാളും സമ്പർക്കത്തിലൂടെ രോഗബാധിതനായ ഒരാളുമുൾപ്പെടെ 11 പോസിറ്റീവ് കേസുകളാണ് ഇപ്പോൾ ചികിത്സയിലുള്ളത്. എല്ലാവരുടെയും നില തൃപ്തികരമാണ്. Content Highlight:First Covid patient in Malappuram has been discharged


from mathrubhumi.latestnews.rssfeed https://ift.tt/2XaA9uy
via IFTTT