Breaking

Friday, April 17, 2020

അർധ അതിവേഗ റെയിൽപ്പാതയുടെ ഡി.പി.ആർ. അംഗീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം-കാസർകോട് അർധ അതിവേഗ റെയിൽപ്പാതയുടെ (സിൽവർ ലൈൻ) വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ.) കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെ റെയിൽ) ബോർഡ് യോഗം അംഗീകരിച്ചു. തിരുവനന്തപുരം മുതൽ തിരൂർ വരെ ഇപ്പോഴത്തെ റെയിൽപ്പാതയിൽനിന്നു മാറിയും തുടർന്ന് കാസർകോട് വരെ ഇപ്പോഴത്തെ പാതയ്ക്കു സമാന്തരവുമായിട്ടായിരിക്കും പുതിയ പാത നിർമിക്കുക. സാധ്യതാപഠന റിപ്പോർട്ടിലെ അതേ അലൈൻമെന്റ് ഏറക്കുറെ അംഗീകരിച്ചാണിത്.ഡി.പി.ആർ. പ്രകാരം പുതുക്കിയ പദ്ധതിച്ചെലവ് 63,941 കോടി രൂപയാണ്. സാധ്യതാപഠന റിപ്പോർട്ടിലുണ്ടായിരുന്നതിനെക്കാൾ രണ്ടായിരത്തിലേറെ കോടി കുറവാണിത്. ഈ വർഷം പണി തുടങ്ങി അഞ്ചു വർഷംകൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഡി.പി.ആർ. ഇനി സംസ്ഥാന സർക്കാരിനും റെയിൽവേ മന്ത്രാലയത്തിനും സമർപ്പിക്കും. തുടർന്ന് നീതി ആയോഗ്, കേന്ദ്ര മന്ത്രിസഭ എന്നിവയുടെ അനുമതിയും വാങ്ങേണ്ടതുണ്ട്. രണ്ടു പുതിയ റെയിൽവേ ലൈനുകൾ ചേർത്ത് ഹരിത ഇടനാഴിയായി നിർമിക്കുന്ന ഈ പാതയിലൂടെ മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ ട്രെയിനുകൾക്ക് സഞ്ചരിക്കാനാകും. തിരുവനന്തപുരത്തുനിന്ന് 11 ജില്ലകളിലൂടെ 530.6 കിലോമീറ്റർ നാലു മണിക്കൂർകൊണ്ട് പിന്നിട്ട് കാസർകോട്ടെത്തുന്ന സിൽവർ ലൈനിൽ 11 സ്റ്റേഷനുകളുണ്ടാകും. സാധ്യതാപഠന റിപ്പോർട്ടിലുണ്ടായിരുന്ന കാക്കനാട് സ്റ്റേഷനുപുറമേ കൊച്ചി വിമാനത്താവളത്തിൽ പുതിയ സ്റ്റേഷനുണ്ടാകും. ഏറെ തിരക്കുള്ള തിരുവനന്തപുരം എറണാകുളം ഭാഗത്ത് യാത്രാസമയം ഒന്നര മണിക്കൂറാണ്. പാരീസിലെ സിസ്ട്ര ജി.സി.യാണ് ഡി.പി.ആർ. തയാറാക്കിയതെന്ന് കെ റെയിൽ മാനേജിങ് ഡയറക്ടർ വി. അജിത് കുമാർ പറഞ്ഞു.* ഉപയോഗിക്കുന്നത് ഒമ്പതു കാറുകൾ വീതമുള്ള ഇ.എം.യു. * ഒരു ട്രെയിനിൽ 675 യാത്രക്കാർ.* ബിസിനസ് ക്ലാസിൽ ഇരുവശത്തും രണ്ടുസീറ്റു വീതം. സ്റ്റാൻഡേർഡ് ക്ലാസിൽ ഒരുവശത്ത് മൂന്നും മറുവശത്ത് രണ്ടും സീറ്റുകൾ.* ഇന്ധനം കെ.എസ്.ഇ.ബി.യിൽനിന്നും സൗരോർജ യൂണിറ്റുകളിൽനിന്നും.* മൊത്തം ചെലവിന്റെ 52 ശതമാനം വായ്പ.* ബാക്കി ചെലവ് റെയിൽവേ, കേന്ദ്രസംസ്ഥാന സർക്കാരുകൾ, ധനകാര്യസ്ഥാപനങ്ങൾ.


from mathrubhumi.latestnews.rssfeed https://ift.tt/3ept9QC
via IFTTT