Breaking

Tuesday, April 7, 2020

ചൈനയില്‍ പുതിയ കോവിഡ് കേസുകളില്ല, ആശ്വസിക്കാനായില്ലെന്ന് അധികൃതര്‍

ബെയ്ജിങ്: ലോകത്തെ പിടിച്ചുകുലുക്കിയ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിൽ നിന്നും ആശ്വാസവാർത്ത. ചൊവ്വാഴ്ച ചൈനയിൽ പുതിയ കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ചൈനീസ് ദേശീയ ആരോഗ്യകമ്മീഷൻ വ്യക്തമാക്കി. ജനുവരിയിൽ കണക്കുകൾ പ്രസിദ്ധീകരിക്കാൻ ആരംഭിച്ചതിനു ശേഷം ഇതാദ്യമായാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത ഒരു ദിവസം കടന്നുപോവുന്നത്. മാർച്ച് മുതൽ ചൈനയിൽ റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ട്. അതേസമയം കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നത് അപകട സാധ്യത കുറഞ്ഞു എന്നല്ല അർഥമാക്കുന്നതെന്ന് ആരോഗ്യ കമ്മീഷൻ വ്യക്തമാക്കുന്നുണ്ട്. വിദേശത്ത് നിന്നും എത്തിയവരിൽ അണുബാധ സ്ഥിരീകരിക്കുന്ന കേസുകൾ കൂടുതലാണ്. വിദേശത്ത് നിന്നും ചൈനയിൽ എത്തിയ 1000 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത കേസുകളുടെ എണ്ണത്തിലും വർധന രേഖപ്പെടുത്തിയിരുന്നു. മുൻകരുതലുകളും സുരക്ഷാസജ്ജീകരണങ്ങളും കർശനമായി തുടരുമെന്നും കമ്മീഷൻ വ്യക്തമാക്കി. ചൈനയിൽ 81000ൽ കൂടുതൽ കോവിഡ്-19 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 3300ഓളം പേർ രോഗബാധിതരായി മരണപ്പെട്ടു എന്നാണ് കണക്കുകൾ. Content Highlights:China reports no new Coronavirus death for the first time


from mathrubhumi.latestnews.rssfeed https://ift.tt/2Rhxdsq
via IFTTT