മുംബൈ: റിസർവ് ബാങ്ക് പ്രഖ്യാപിച്ച വായ്പാ മൊറട്ടോറിയം വഴി വായ്പയെടുത്തവർക്ക് ഉദ്ദേശിച്ചത്ര നേട്ടം ലഭിച്ചേക്കില്ല. മൊറട്ടോറിയം കാലയളവിലും അവശേഷിക്കുന്ന മുതലിന് പലിശ നൽകേണ്ടിവരുമെന്നതിനാലാണിത്. മൂന്നുമാസത്തേക്ക് ഇ.എം.ഐ. ഒഴിവാക്കാനാണ് ബാങ്കുകൾക്ക് റിസർവ് ബാങ്ക് നിർദേശം നൽകിയിരുന്നത്. ഇതനുസരിച്ച് ബാങ്കുകൾ തീരുമാനം പ്രഖ്യാപിക്കുകയുംചെയ്തു. കാലാവധി വായ്പകൾക്ക് കൂട്ടുപലിശയാണ് ഈടാക്കുകയെന്നതാണ് തിരിച്ചടിയാകുക.കൊറോണ മഹാമാരി വരുമാനത്തെ ബാധിച്ചിട്ടില്ലെങ്കിൽ വായ്പയെടുത്തിട്ടുള്ളവർ തടസ്സംകൂടാതെ വായ്പയടയ്ക്കുകയാണ് നല്ലതെന്ന് ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷൻ (ഐ.ബി.എ.) പറയുന്നു. സാമ്പത്തികബുദ്ധിമുട്ടുണ്ടെങ്കിൽ മൊറട്ടോറിയത്തിന്റെ ആനുകൂല്യത്തിന് അപേക്ഷിക്കാം. ഇക്കാലയളവിലെ പലിശ മൂന്നുമാസം കഴിഞ്ഞ് അടച്ചാൽമതി. ഇക്കാലത്തെ പലിശയ്ക്കും പലിശ നൽകേണ്ടിവരും. ഉദാഹരണമായി 12 ശതമാനം പലിശയുള്ള ഒരു ലക്ഷം രൂപയുടെ വായ്പ പരിഗണിക്കുക. മാസം 1000 രൂപയാണ് പലിശ വരുക. മൂന്നുമാസം കഴിയുമ്പോൾ 3000 രൂപയുടെ സ്ഥാനത്ത് 3,030 രൂപയാണ് നൽകേണ്ടിവരുക. പത്തുശതമാനമാണ് പലിശയെങ്കിൽ മാസം 833 രൂപയായിരിക്കും വേണ്ടത്. മൂന്നുമാസം കഴിഞ്ഞ് അടയ്ക്കുമ്പോൾ 2500 രൂപ നൽകേണ്ടിടത്ത് 2,521 രൂപ വേണ്ടിവരുമെന്നും ഐ.ബി.എ. വിശദീകരിക്കുന്നു.വായ്പാകാലാവധി കൂടുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രശ്നം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കൾക്കായി നൽകിയ വിശദീകരണം ഇക്കാര്യം വ്യക്തമാക്കുന്നു. വായ്പകളുടെ നിലവിലുള്ള ബാക്കിയിൽ മൊറട്ടോറിയം കാലയളവിലും പലിശ ഈടാക്കുമെന്ന് എസ്.ബി.ഐ. പറയുന്നു. ഇക്കാലയളവിലെ പലിശ അധിക ഇ.എം.ഐ. ആയാണ് ഈടാക്കുക. ഇതുവഴി വായ്പയെടുത്തവർക്കുണ്ടാകുന്ന ബാധ്യതയും ബാങ്ക് വിശദീകരിച്ചിട്ടുണ്ട്. 30 ലക്ഷം രൂപ വരുന്ന ഭവനവായ്പയ്ക്ക് 15 വർഷത്തെ കാലാവധിയുണ്ടെന്ന് കരുതുക. ഇവർ അധിക പലിശയായി ഏകദേശം 2.34 ലക്ഷം രൂപ നൽകേണ്ടിവരുമെന്ന് ബാങ്ക് പറയുന്നു. ഇത് എട്ട് ഇ.എം.ഐ.കൾക്ക് തുല്യമായിരിക്കും. ഇതേരീതിയിൽ 54 മാസം തിരിച്ചടവുള്ള ആറുലക്ഷം രൂപയുടെ വാഹനവായ്പയാണെങ്കിൽ അധിക പലിശയായി 19,000 രൂപ വേണ്ടിവരുമെന്നും പറയുന്നു. 1.5 ഇം.എം.ഐ.ക്ക് തുല്യമായിരിക്കുമിത്. നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസ് വഴി ഇ.എം.ഐ. ആക്കിയിട്ടുള്ളവർക്ക് മൊറട്ടോറിയം ആനുകൂല്യം വേണമെങ്കിൽ ഇ-മെയിൽ വഴി അപേക്ഷ നൽകാനും ബാങ്ക് നിർദേശിച്ചിട്ടുണ്ട്. bbക്രെഡിറ്റ് കാർഡിനും പലിശ ബാധ്യതയാകുംbbക്രെഡിറ്റ് കാർഡിന്റെ കാര്യത്തിൽ മൊറട്ടോറിയം ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതേ പ്രതിസന്ധിയുണ്ട്. മൊറട്ടോറിയം ഉണ്ടെങ്കിലും ഇല്ലെങ്കിലും മാസം അടയ്ക്കേണ്ട ചുരുങ്ങിയ തുക അടയ്ക്കണം. മൊറട്ടോറിയം കാലത്തും പലിശ നൽകേണ്ടിവരും. എത്രരൂപ പലിശ വരുമെന്നത് ക്രെഡിറ്റ് കാർഡ് സേവനകമ്പനിയോട് ചോദിച്ചുമനസ്സിലാക്കണം. ക്രെഡിറ്റ് കാർഡുകളിൽ തിരിച്ചടവ് മുടങ്ങിയാൽ സാധാരണ ബാങ്ക് വായ്പയെക്കാൾ പലിശ കൂടുതലാണ്. ഇത് മൊറട്ടോറിയം കാലത്തും ബാധകമായിരിക്കുമെന്നു ഐ.ബി.എ. പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/343mtTq
via
IFTTT