കൂത്താട്ടുകുളം: കോവിഡ് ബാധയെത്തുടർന്ന് യു.കെ.യിലെ ഡർബിയിലുള്ള ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൂത്താട്ടുകുളം കിഴകൊമ്പ് മോളെപ്പറമ്പിൽ സിബി(49) മരിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് രോഗബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം നാലേകാലിനായിരുന്നു അന്ത്യം.ഭാര്യ: അങ്കമാലി പീച്ചാനികാട് പാലായിൽ അനു. മക്കൾ: മാർക്ക്, ജോൺ. ഭാര്യയും മക്കളും യു.കെ.യിലുള്ള വീട്ടിൽ നിരീക്ഷണത്തിലാണ്. യു.കെ.യിലെ ആശുപത്രിയിൽ നഴ്‌സിങ് കെയർ വിഭാഗത്തിലാണു സിബി ജോലിചെയ്തിരുന്നത്. മലയാളി സുഹൃത്തുക്കളാണ് മരണവിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്.രോഗബാധിതനായി ആശുപത്രിയിലേക്കു പോകുന്നതിനുമുമ്പ് സഹോദരിയെ ഫോണിൽ വിളിച്ച് വിവരങ്ങൾ അറിയിച്ചിരുന്നു. വ്യാഴാഴ്ച സിബിയുടെ ഭാര്യ രോഗം കുറവുണ്ടെന്ന് നാട്ടിലറിയിച്ചിരുന്നു. അനു യു.കെ.യിൽ നഴ്‌സാണ്. കൂത്താട്ടുകുളം മാർക്കറ്റ് റോഡിൽ മോളെപ്പറമ്പിൽ മെഡിക്കൽസ് സ്ഥാപന ഉടമയായിരുന്നു സിബി. സൗദിയിൽ നഴ്സായിരുന്ന അനു വിവാഹശേഷം യു.കെ.യിൽ നഴ്‌സായി ജോലിയിൽ പ്രവേശിച്ചു. ആറുവർഷം മുമ്പാണ് സിബിക്കും യു.കെ.യിലെ മെഡിക്കൽ വിഭാഗത്തിൽ നഴ്‌സിങ് കെയർ യൂണിറ്റിൽ ജോലി ലഭിച്ചത്. പരേതരായ മാണിയുടെയും ഏലിയാമ്മയുടെയും മകനാണ് സിബി. സഹോദരി: സിനി തങ്കച്ചൻ മേക്കടമ്പ്.
from mathrubhumi.latestnews.rssfeed https://ift.tt/2Vq1NRU
via
IFTTT