ഒട്ടാവ: പോലീസ് വേഷം ധരിച്ചെത്തിയ അക്രമകാരി കാനഡയിലെ നോവ സ്കോടിയയിൽ നടത്തിയ വെടിവെയ്പിൽ 16 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ ഒരു പോലീസ് ഉദ്യോഗസ്ഥയും ഉൾപ്പെടുന്നു. മുപ്പത് കൊല്ലത്തിനിടെ കാനഡയിൽ ഏറ്റവുമധികം പേർക്ക് ജീവഹാനി സംഭവിച്ച ആക്രമണമാണിത്. ഞായറാഴ്ചയായിരുന്നു സംഭവം. അമ്പത്തൊന്നുകാരനായ ഗബ്രിയേൽ വോട്മാൻ എന്നയാളാണ് വെടിവെയ്പിന് പിന്നിലെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് അറിയിച്ചു. കൃത്രിമപല്ല് നിർമിക്കുന്ന തൊഴിലിലേർപ്പെട്ടിരുന്ന ഗബ്രിയേൽ പോലീസിന്റെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം. പോലീസ് യൂണിഫോമിലെത്തിയ കൊലപാതകി തന്റെ വാഹനം പോലീസ് വാഹനത്തെ പോലെ രൂപമാറ്റം വരുത്തിയിരുന്നു. അറ്റ്ലാന്റിക് പ്രവിശ്യയിലെ വിവിധ മേഖലകകളിലാണ് ഇയാൾ വെടിവെയ്പ് നടത്തിയത്. ഏകദേശം 12 മണിക്കൂറോളം നീണ്ട ആക്രമണത്തിന് ശേഷമാണ് ഇയാളെ കീഴടക്കാൻ പോലീസിന് കഴിഞ്ഞത്. പത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് ആദ്യം പോലീസ് അറിയിച്ചത്. 16 പേരോളം മരിച്ചതായി പിന്നീട് പോലീസ് മേധാവി ബ്രെൻഡ ലൂക്കി അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ആർക്കും ഗബ്രിയേലുമായി പ്രത്യക്ഷത്തിൽ ബന്ധമില്ലെന്നും ആക്രമണത്തിന്റെ ലക്ഷ്യമെന്താണെന്ന് കണ്ടെത്തിയിട്ടില്ലെന്നും പോലീസ് അറിയിച്ചു. ആക്രമണത്തിനിടെ കൊല്ലപ്പെട്ട ആർസിഎംപി ഉദ്യോഗസ്ഥ, ഇരുപത്തിമൂന്നുകാരിയായ ഹൈദി സ്റ്റീവൻസൺ രണ്ട് കുട്ടികളുടെ മാതാവാണ്. യുഎസിനേക്കാൾ തോക്കുപയോഗത്തിനുള്ള നിയമങ്ങൾ കാനഡയിൽ കർശനമായതിനാൽ വെടിവെയ്പ് പോലുള്ള സംഭവങ്ങൾ രാജ്യത്ത് താരതമ്യേന കുറവാണ്. 1989 ഡിസംബറിൽ മോൺട്രിയയിൽ 15 സ്ത്രീകൾ വെടിവെയ്പിൽ കൊല്ലപ്പെട്ടതാണ് ഇതിന് മുമ്പ് രേഖപ്പെടുത്തിയ ഏറ്റവും വലിയ കൂട്ടക്കൊല. കൊറോണവ്യാപനത്തെ തുടർന്ന് കാനഡയിലും സഞ്ചാരനിയന്ത്രണങ്ങൾ നിലവിവുണ്ട്. Content Highlights:Gunman kills at least 16 in Canadas worst mass murder since 1989
from mathrubhumi.latestnews.rssfeed https://ift.tt/2Vk19GG
via
IFTTT