Breaking

Saturday, April 11, 2020

പറഞ്ഞത് 14ന് നാട്ടില്‍ പോകുന്ന കാര്യം: പോലീസിന്റെ ഹിന്ദി കേട്ട് അന്യസംസ്ഥാനക്കാര്‍ പുറപ്പെട്ടിറങ്ങി

പത്തനംതിട്ട : ഇതരസംസ്ഥാനത്തൊഴിലാളികളെ ആശ്വസിപ്പിക്കാൻ മൈക്ക് അനൗൺസുമെന്റുമായി ഇറങ്ങിയ പോലീസിന് പണികിട്ടി. വിളിച്ചുപറയൽ തലവേദനയായപ്പോൾ ബോധവത്കരണത്തിന് വീണ്ടും മൈക്ക്‌ കൈയിലെടുക്കേണ്ടിവന്നു. അറിയാവുന്ന ഹിന്ദിയുമായി ഒാഫീസർമാരുൾപ്പെടെ തൊഴിലാളിക്യാമ്പുകളിൽ കയറിയിറങ്ങി സ്ഥിതി നിയന്ത്രിച്ചു.വെള്ളിയാഴ്ച ഉച്ചയ്ക്കാണ് പത്തനംതിട്ടയിൽ പോലീസ് ഇതരസംസ്ഥാനക്കാർക്കായി ഹിന്ദിയിൽ അനൗൺസ്‌മെൻറ് നടത്തിയത്. ഏപ്രിൽ14-ന് ശേഷം തീവണ്ടി ഉണ്ടെങ്കിൽ നേരത്തെ ബുക്ക്ചെയ്ത ഇതരസംസ്ഥാനക്കാർ പോലീസുമായി ബന്ധപ്പെടണമെന്നായിരുന്നു അറിയിച്ചത്‌. എന്നാൽ, നാട്ടിലേക്കുള്ള യാത്രയ്ക്ക് കാത്തിരുന്ന പത്തനംതിട്ട കണ്ണങ്കര ക്യാമ്പിലെ തൊഴിലാളികൾ ഇത് കേട്ടയുടനെ ബാഗുമായി റോഡിലിറങ്ങി. നേരെ അക്ഷയ സെന്ററിലേക്ക് വെച്ചുപിടിച്ചു. നാട്ടിലേക്ക് പോകേണ്ടവർ ഇവിടെ എത്താൻ പറഞ്ഞതായാണ് ധരിച്ചത്. റോഡ് നിറഞ്ഞ് ആളിറങ്ങിയതോടെ പോലീസ് സ്ഥലത്തെത്തി എല്ലാവരെയും ക്യാന്പിലേക്ക് മടക്കി. പിന്നീട് ബോധവത്കരണവും നടത്തി. വിളിച്ചുപറയലുകാരന് തനിക്ക് തെറ്റിയില്ലെന്ന് ഉദ്യോഗസ്ഥർക്ക് മുന്നിൽ തെളിയിക്കേണ്ടിയുംവന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2XqyTUf
via IFTTT