Breaking

Friday, March 29, 2019

കോഴിക്കോട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

ശബരിമലയിൽ സ്ത്രീയെ ആക്രമിച്ച കേസിൽ റിമാൻഡിലായ യുവമോർച്ച സംസ്ഥാന പ്രസിഡന്റും ബിജെ പി കോഴിക്കോട് മണ്ഡലം സ്ഥാനാർത്ഥിയുമായ പ്രകാശ് ബാബുവിന്റെ ജാമ്യാപേക്ഷ ഇന്ന് പത്തനംതിട്ട ജില്ലാ കോടതി പരിഗണിക്കും. ചിത്തിര ആട്ട വിശേഷ  സമയത്ത് ശബരിമലയിൽ സ്ത്രീയെ ആക്രമിച്ച കേസിൽ പ്രകാശ് ബാബുവിന്‍റെ ജാമ്യാപേക്ഷ റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ തള്ളിയിരുന്നു. കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിലാണ് കെപി പ്രകാശ് ബാബു.

ചിത്തിര ആട്ട വിശേഷത്തിനായി ശബരിമലനട തുറന്നപ്പോൾ തൃശ്ശൂർ സ്വദേശിനിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് പ്രകാശ് ബാബുവിനെതിരെയുള്ള കേസ്.  പ്രകാശ് ബാബുവിനെതിരെ എട്ട് കേസുകളാണുള്ളത്. ശബരിമലയിൽ കലാപത്തിന് ശ്രമിച്ചു, ചിത്തിര ആട്ട വിശേഷത്തിനിടെ സ്ത്രീയെ തടഞ്ഞു, ദേവസ്വം ബോർഡ് പ്രസിഡന്‍റിന്‍റെ വീട്ടിലേക്ക് നടത്തിയ മാർച്ചിനിടെ പൊലീസ് വാഹനങ്ങൾ തകർത്തു എന്നീ കേസുകളിലാണ് പ്രകാശ് ബാബുവിനെതിരെ അറസ്റ്റ് വാറണ്ടുള്ളത്.

ശബരിമല യുവതീപ്രവേശന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് പ്രകാശ് ബാബുവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ നാലിന് മുൻപായി പത്രിക സമർപ്പിക്കണമെന്നിരിക്കെ കേസുകളിൽ ജാമ്യമെടുക്കാന്‍ ഇന്നലെ പ്രകാശ് ബാബു കോടതിയിൽ കീഴടങ്ങിയത്. 



from Anweshanam | The Latest News From India https://ift.tt/2uvfgL5
via IFTTT