ഭോപ്പാൽ: കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ന്യായ് പദ്ധതിയിലൂടെ ലഭിക്കുന്ന തുകകൊണ്ട് മുൻ ഭാര്യയ്ക്കും മകൾക്കും ജീവനാംശം നൽകിക്കൊള്ളാമെന്ന് യുവാവ് കോടതിയിൽ. രാഹുൽഗാന്ധി പ്രഖ്യാപിച്ച ന്യായ് പദ്ധതിയെപ്പറ്റി കോൺഗ്രസും ബിജെപിയും തമ്മിലുള്ള വാദപ്രതിവാദങ്ങൾ തുടരുന്നതിനിടെയാണിത്. ഇൻഡോറിലെ കുടുംബ കോടതിയിലാണ് യുവാവ് ഇത്തരത്തിലുള്ള വാദം മുന്നോട്ടുവച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ആനന്ദ് ശർമ എന്നയാൾ മുൻ ഭാര്യയ്ക്ക് 3000 രൂപവീതവും മകൾക്ക് 1500 രൂപവീതവും ജീവനാംശം നൽകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, നിലവിൽ തനിക്ക് ജോലിയൊന്നും ഇല്ലാത്തിനാൽ തുക നൽകാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ശർമ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചു. തനിക്കെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കരുതെന്ന് ശർമ ഹർജിയിൽ അഭ്യർഥിച്ചിട്ടുണ്ട്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ന്യായ് പദ്ധതി പ്രകാരം ലഭിക്കുന്ന 6000 രൂപയിൽനിന്ന് 4500 രൂപ മകൾക്കും മുൻ ഭാര്യയ്ക്കും ജീവനാംശമായി നൽകിക്കൊള്ളാമെന്നും ശർമ ഹർജിയിൽ അവകാശപ്പെടുന്നു. തനിക്ക് ലഭിക്കുന്നതിൽ 4500 രൂപ മുൻ ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റണമെന്ന ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഹർജിയിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി ഏപ്രിൽ 29ന് വിഷയം പരിഗണിക്കുമെന്ന് ശർമയുടെ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. 2006 ൽ വിവാഹിതരായ ദമ്പതികളാണ് കുടുംബ കലഹത്തെത്തുടർന്ന് പിന്നീട് കോടതിയെ സമീപിച്ചത്. തുടർന്നാണ് ജീവനാംശം നൽകുന്നത് സംബന്ധിച്ച ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. പാവപ്പെട്ട കുടുംബങ്ങളിൽപ്പെട്ടവർക്ക് കുറഞ്ഞ വരുമാനം ഉറപ്പാക്കാൻ 72,000 രൂപവീതം പ്രതിവർഷം വാഗ്ദാനം ചെയ്യുന്ന പദ്ധതി മാർച്ച് 25നാണ് രാഹുൽഗാന്ധി പ്രഖ്യാപിച്ചത്. Content Highlights: Rahul Gandhis Nyay Scheme, Court,Maintenance
from mathrubhumi.latestnews.rssfeed https://ift.tt/2UjeC1B
via
IFTTT