തൊടുപുഴയിൽ അമ്മയുടെ സുഹൃത്ത് ക്രൂരമായി മർദ്ദിച്ച ഏഴ് വയസ്സുകാരന്‍റെ നില അതീവഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തുന്ന കുട്ടി അടുത്ത പന്ത്രണ്ട് മണിക്കൂർ കൂടി വെന്റിലേറിൽ തന്നെ തുടരും. മർദ്ദനത്തിൽ തലയോട് പൊട്ടിയ കുട്ടിയുടെ ജീവന്റെ കാര്യത്തിൽ ഏറെ നിർണായകമാണ് ഈ പന്ത്രണ്ട് മണിക്കൂർ. ആന്തരിക രക്തസ്രാവം ഇതുവരെ നിയന്ത്രിക്കാനായിട്ടില്ല. കുട്ടിയുടെ ശ്വാസകോശത്തിനും ഹൃദയത്തിനും വൻകുടലിനും പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം കുട്ടിയുടെ തലയ്ക്ക് ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനിലയിൽ പുരോഗതിയുണ്ടായില്ല.
അറസ്റ്റിലായ പ്രതി അരുൺ ആനന്ദിനെ ഇന്ന് തൊടുപുഴ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. വധ ശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഏഴ് വയസ്സുകാരനെ അരുൺ ആനന്ദ് അതിക്രൂരമായി മർദ്ദിച്ചെന്ന് പൊലീസ് വിശദമാക്കിയിരുന്നു. ചവിട്ടിയും ഇടിച്ചും പരിക്കേൽപ്പിച്ചു. ചുവരിലേക്ക് വലിച്ചെറിഞ്ഞപ്പോഴാണ് കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.
ഇളയകുട്ടി കിടക്കയിൽ മൂത്രമൊഴിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും പൊലീസ് പറയുന്നു. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ തൊടുപുഴ ഡിവൈഎസ്പി കെ.പി ജോസ് അറിയിച്ചു.
from Anweshanam | The Latest News From India https://ift.tt/2OwjniY
via IFTTT