Breaking

Sunday, March 31, 2019

രാഹുല്‍ഗാന്ധി വയനാട്ടിലേക്ക് വരുമ്പോള്‍

ഗെയിംചെയ്ഞ്ചർ എന്നു പറഞ്ഞാൽ ഇതാണ്. രാഹുൽഗാന്ധി വയനാട്ടിലേക്ക് വന്നാൽ അത് കേരളത്തിൽ കോൺഗ്രസ്സിനു നൽകുന്ന ഉത്തേജനത്തിന് അതിരുകളുണ്ടാവില്ല. ക്രിക്കറ്റ് പദാവലി ഉപയോഗിച്ചാൽ നിർണ്ണായക നിമിഷങ്ങളിൽ ധോണിയുടെ ആ ഹെലിക്കോപ്റ്റർ ഷോട്ടിനെയാണ് കോൺഗ്രസ്സിന്റെ ഈ നീക്കം ഓർമ്മിപ്പിക്കുന്നത്. ധോണിയുടെ ആ ഷോട്ട് സ്റ്റാന്റിലേക്ക് പറക്കുമ്പോൾ സ്റ്റേഡിയവും ഗാലറികളും അവിടെക്കൂടിയിരിക്കുന്ന കാണികളും മാത്രമല്ല ആവേശഭരിതരാവുന്നത്. ദേശത്തിന്റെ മുക്കിലും മൂലയിലും വരെ അതിന്റെ അനുരണനങ്ങൾ തൊട്ടറിയാനാവും. രാഹുൽ വയനാട്ടിലിറങ്ങുമ്പോൾ കേരളത്തിൽ മാത്രമല്ല വയനാടിന്റെ അതിർത്തി പങ്കിടുന്ന തമിഴകത്തും കർണ്ണാടകയിലും വരെ അതിന്റെ അലയൊലികൾ ഉണ്ടാവുമെന്നതിൽ സംശയമില്ല. തിരുവനന്തുപരത്ത് എ കെ ജി സെന്ററിൽ സിപിഎം നേതാക്കളും മാരാർജി ഭവനിൽ ബിജെപി നേതാക്കളും ഇപ്പോൾ തലപുകയുന്നുണ്ടാവും. വടകരയിൽ മുരളിയുടെ വരവ് തന്നെ ഇരുകൂട്ടരേയും ഞെട്ടിച്ചിരുന്നു. വടക്കേ മലബാർ ഇടതുപക്ഷത്തിന്റെ കൈയ്യിൽ നിന്നും പോവുകയാണെന്ന പ്രതീതി ഉയർന്നതിനിടെയാണ് പിടിച്ചതിലും വലുതായിരുന്നു അളയിലെന്ന രീതിയിൽ രാഹുൽ വയനാട്ടിലേക്കു വരുന്നത്. വസന്തം പൊടുന്നനെ വിരുന്നിനെത്തുന്ന അവസ്ഥയിലാണ് കേരളത്തിൽ കോൺഗ്രസ്സിപ്പോൾ. രാഹുൽ വയനാട്ടിലെത്തുമ്പോൾ തീർച്ചയായും പ്രചാരണത്തിന് പ്രിയങ്കയെത്തും. ശാരീരിക അസ്വാസ്ഥ്യമുണ്ടെങ്കിലും സോണിയയും ഒരു തവണയെങ്കിലും വയനാട്ടിലെത്താതിരിക്കില്ല. രാഹുലും പ്രിയങ്കയും ചേർന്ന് കേരളത്തിൽ പ്രചാരണത്തിനിറങ്ങുമ്പോൾ അതിനെ നേരിടാനുള്ള വിഭവശേഷി കണ്ടെത്താൻ സിപിഎം ശരിക്കും വിയർക്കും. മുരളിയെ വടകരയിൽ ഇറക്കിയതിനെ വെല്ലുന്ന നീക്കമാണ് രാഹുലിന്റെ കാര്യത്തിൽ ഉമ്മൻചാണ്ടി നടത്തിയിരിക്കുന്നത്. എനിക്ക് ആന്റണിയേയോ വയലാർ രവിയേയോ അല്ല ആ മൂന്നാമനെയാണ് പേടിയെന്ന് പണ്ട് കരുണാകരൻ പറഞ്ഞത് വെറുതെയായിരുന്നില്ല. എന്നാലും ഇങ്ങനെയൊരു ചതി ഉമ്മൻചാണ്ടി തങ്ങളോട് ചെയ്യേണ്ടിയിരുന്നോ എന്നാണ് പല സിപിഎം നേതാക്കളും രഹസ്യമായി ചോദിക്കുന്നത്. സോളാർ വിവാദത്തിൽ ഉമ്മച്ചനെതിരെ കളിച്ച കളികൾ വേണ്ടിയിരുന്നില്ലെന്ന് ചിലപ്പോൾ ഈ നേതാക്കൾ തങ്ങളോടുതന്നെ പറയുന്നുണ്ടാവും. കേരളത്തിലെ ജനസംഖ്യയിൽ 46 ശതമാനം ന്യൂനപക്ഷങ്ങളാണെന്നാണ് കണക്കുള്ളത്. ഈ 46 ശതമാനവും ഒന്നിച്ച് കോൺഗ്രസ്സിനു പിന്നിൽ ഇനിയിപ്പാൾ അണി നിരന്നാൽ അത്ഭുതപ്പെടാനില്ല. ന്യൂനപക്ഷ വോട്ടുകളിൽ കണ്ണും നട്ട് സിപിഎം ഇറക്കിയ വീണാ ജോർജ്ജിനെപ്പോലുള്ള സ്ഥാനാർത്ഥികൾ മാനത്തു നോക്കിയിരിക്കേണ്ടി വരുമെന്നർത്ഥം. അങ്ങ് വടക്കേ അറ്റത്ത് രാജ്മോഹൻ ഉണ്ണിത്താനും പാലക്കാട്ട് വി കെ ശ്രീകണ്ഠനും മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷിനും വരെ വിജയപ്രതീക്ഷകൾ ഉയരുന്നുവെന്നതും ഈ ഒരൊറ്റ വരവിന്റെ പാർശ്വഫലങ്ങളാണ്. രാഹുൽ എത്തുന്നതോടെ കേരളത്തിൽ കോൺഗ്രസ്സിന് ഫണ്ടില്ലെന്ന പരാതിക്ക് പരിഹാരമാവും. പണത്തിന് പണവും ആളിനാളും ഇനിയിപ്പോൾ കോൺഗ്രസ്സിന് പ്രശ്നമാവില്ല. ഇതാദ്യമായാണ് കേരളത്തിൽ നിന്ന് ഒരു പ്രധാനമന്ത്രി സ്ഥാനാർത്ഥി മത്സരിക്കുന്നുവെന്ന പ്രതീക്ഷകൾ വരുന്നത്. പ്രഖ്യാപിത ശിവ ഭക്തനായ രാഹുൽ സ്വാഭാവികമായും കോഴിക്കോട്ടെ തളിക്ഷേത്രത്തിൽ നിന്നും മഹാദേവന്റെ അനുഗ്രഹം തേടിക്കൊണ്ടായിരിക്കും പ്രചാരണത്തിന് തുടക്കം കുറിക്കുക. തുടർന്ന് ഗുരുവായൂരപ്പന്റെ അടുത്തും രാഹുൽ എത്തുമെന്നതിൽ തർക്കമില്ല. ശിവഭക്തനായ രാഹുലിനെ നേരിടാനുള്ള ആയുധങ്ങൾ തത്ക്കാലം കേരളത്തിൽ സിപിഎമ്മിന്റെയോ ബിജെപിയുടെയോ ആവനാഴികളിൽ ഇല്ല. വയനാട്ടിൽ രാഹുലിന് പിന്തുണ നൽകാൻ സുകുമാരൻ നായരോ വെള്ളാപ്പള്ളിയോ രണ്ടാമതൊന്നാലോചിക്കാനിടയില്ല. ശിവഭക്തിയും ന്യൂനപക്ഷങ്ങളും ഒരു പോലെ സമ്മേളിക്കുന്ന ഒരു രാഷ്ട്രീയ പ്രക്രിയയാണ് കേരളത്തിൽ സിപിഎമ്മിനെയും ബിജെപിയേയും കാത്തിരിക്കുന്നത്. അമേഠിയിൽ ഇക്കുറി കോൺഗ്രസ്സിന് ചെറിയൊരാശങ്കയുണ്ട്. പുൽവാമയ്ക്കുശേഷമുള്ള രാഷ്്രടീയാന്തരീക്ഷത്തിൽ സ്മൃതി ഇറാനിയെ അമേഠിയിൽ നേരിടുന്നത് എത്രമാത്രം സുരക്ഷിതമാണെന്ന ആലോചന കോൺഗ്രസ് ക്യാമ്പിലുണ്ടെന്നാണ് കേൾക്കുന്നത്. വയനാട്ടിലാണെങ്കിൽ കോൺഗ്രസ്സിനെ സംബന്ധിച്ചിടത്തോളം ഒരാശങ്കയുമില്ലാത്ത മണ്ഡലമാണ്. രാഹുലിനെപ്പോലൊരാൾ എത്തുന്നതോടെ കോൺഗ്രസ്സിനെ സംബന്ധിച്ചിടത്തോളം വയനാട് ഇന്ത്യയിലെ തന്നെ ഏറ്റവും സുരക്ഷിതമായ മണ്ഡലമാവും. രാഹുലിന്റെ വരവിൽ ഭയമില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുന്നത്. അതിപ്പോൾ പേടിച്ചിട്ടും കൂടുതലായെന്തെങ്കിലും സിപിഎമ്മിന് ഈ വിഷയത്തിൽ ചെയ്യാനുണ്ടെന്നു തോന്നുന്നില്ല. തിരുവനന്തപുരത്തിനടുത്ത് കന്യാകുമാരിയിലാണ് രാഹുൽ മത്സരിക്കുന്നതെങ്കിൽ സിപിഎമ്മും സിപിഐയും അവിടെ രാഹുലിനു വേണ്ടി പ്രചാരണത്തിനിറങ്ങേണ്ടി വരും. കാരണം അവിടെ ഇടതുപക്ഷത്തിന്റെ സഖ്യം കോൺഗ്രസ്സുൾപ്പെടുന്ന ഡിഎംകെ മുന്നണിയുമായാണ്. രാഹുൽ വയനാട്ടിൽ തീർക്കുന്ന തരംഗത്തിന്റെ പരോക്ഷ ഗുണഭോക്താക്കൾ കോയമ്പത്തൂരും മധുരയിലുമൊക്കെ മത്സരിക്കുന്ന ഇടതപുക്ഷ സ്ഥാനാർത്ഥികൾ കൂടിയാണ് എന്നതും കാണാതെ പോവരുത്. ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ഇതൊരു വിഷമസന്ധിയാണ്. ആദ്യമേ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പടക്കളത്തിൽ ഏറെ മുന്നോട്ടുപോയെന്ന് കരുതിയ ഇടതുമുന്നണി പൊടുന്നനെ വല്ലാത്തൊരു പ്രതിരോധത്തിലേക്ക് പിൻവലിയേണ്ടി വരികയാണ്. ഇക്കുറി കേരളത്തിൽ നിന്നും ആവശ്യത്തിന് എം പി മാരെ കിട്ടുന്നില്ലെങ്കിൽ ലോക്സഭയിൽ സിപിഎമ്മിന്റെ കാര്യം അവതാളത്തിലാവും. സിപിഐക്ക് ആകെ ലോക്സഭയിലുള്ള എം പി തൃശ്ശൂരിൽ നിന്നാണ്. അതും കൈവിട്ടുപോയാൽ സിപിഐ വാനപ്രസ്ഥത്തിലേക്ക് നീങ്ങേണ്ടിവരും. ഈ കളിയിൽ നഷ്ടപ്പെടാൻ ഏറെയുള്ളത് സിപിഎമ്മിനാണ്. അതുകൊണ്ടുതന്നെ രാഹുലിന്റെ വരവിൽ ഏറ്റവുമധികം വിഷമിക്കുന്നതും സിപിഎമ്മായിരിക്കും. കാലവും ചരിത്രവും ചിലപ്പോൾ ഇങ്ങനെയൊക്കെയാണ് ഒരു രാഷ്ട്രീയ പാർട്ടിയോട് പെരുമാറുക. സോഷ്യലിസത്തിന്റെ പാതയിലൂടെ ഇന്ദിരാഗാന്ധി നടന്നപ്പോൾ അവർക്കൊപ്പം അടിയുറച്ചു നിന്നത് സിപിഐയായിരുന്നു. കമ്മ്യൂണിസ്റ്റ് അനുഭാവികളായിരുന്ന പി എൻ ഹക്സറിനെപ്പോലുള്ളവരായിരുന്നു അന്ന് ഇന്ദിരയുടെ അടുത്ത ഉപേദഷ്ടാക്കൾ. ഇന്നിപ്പോൾ ഇന്ദിരയുടെ പേരക്കിടാവ് രാഹുലും ക്രോണി ക്യാപിറ്റലിസത്തിനെതിരെയുള്ള പോരാട്ടത്തിലാണ്. അംബാനി, അദാനി കൂടുംബങ്ങളെ വിമർശിക്കുന്നതിൽ ഏത് കമ്മ്യൂണിസ്റ്റ് നേതാവിനേക്കാളും ഒരടി മുന്നിലാണ് രാഹുൽ. ദേശീയ തലത്തിൽ കോൺഗ്രസ്സില്ലാതെ ബിജെപിയെ നേരിടാനാവില്ലെന്ന് സീതാറാം യെച്ചൂരി മാത്രമല്ല പ്രകാശ് കാരാട്ടും വ്യക്തമാക്കിയിട്ടുണ്ട്. ആ നിലയ്ക്ക് വയനാട്ടിൽ രാഹുലെത്തുമ്പോൾ എന്തു രാഷ്ട്രീയം പറഞ്ഞാണ് എതിർക്കുകയെന്ന ചോദ്യം തീർച്ചയായും ഇടതുപക്ഷം അഭിമുഖീകരിക്കുന്നുണ്ട്. വഴിയിൽ കേട്ടത് : ദേശീയ താത്പര്യം മുൻനിർത്തി സിപിഐ ചിലപ്പോൾ വയനാട്ടിൽ സ്വന്തം സ്ഥാനാർത്ഥിയെ പിൻവലിച്ചേക്കും


from mathrubhumi.latestnews.rssfeed https://ift.tt/2upu79O
via IFTTT