പാലക്കാട്: തിരഞ്ഞെടുപ്പ് ചൂടേറുന്നതിനൊപ്പം ആലത്തൂർ മണ്ഡലത്തിൽ വിവാദങ്ങളും ഏറുകയാണ്. കോൺഗ്രസ് സ്ഥാനാർഥി രമ്യാഹരിദാസ് പാട്ടു പാടിവോട്ടുതേടുന്നതിനെ അനുകൂലിച്ചും വിമർശിച്ചും സാമൂഹികമാധ്യമങ്ങളിൽ ചർച്ചകളും സജീവമാണ്. ഇതിനിടെ രമ്യാഹരിദാസിന്റെ പോസ്റ്ററുകൾക്ക് മുകളിൽ സിപിഎമ്മിന്റെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് പുതിയ വിവാദത്തിന് കാരണമായി. രമ്യ ഹരിദാസിന്റെ പോസ്റ്ററുകൾക്ക് മുകളിൽ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ അരിവാൾ ചുറ്റിക നക്ഷത്രത്തിന്റെ പോസ്റ്റർ പതിച്ചിട്ടുണ്ട്. പരാജയപ്പെടുമെന്ന ഭീതിയെ തുടർന്നാണ് സിപിഎം കോൺഗ്രസ് സ്ഥാനാർഥിയുടെ പോസ്റ്ററുകൾ വികൃതമാക്കുന്നതെന്നാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം. ഫെയ്സ്ബുക്കിലൂടെ പ്രതികരണവുമായി വി ടി ബൽറാമും ഷാഫി പറമ്പിലും പ്രതികരണവും പരിഹാസവുമായെത്തി. ആദ്യം ശബ്ദത്തെ തടയാൻ ശ്രമിച്ച സിപിഎം ഇപ്പോൾ മുഖത്തെയും തടയുന്നു എന്നായിരുന്നു സ്ഥാനാർഥി രമ്യ ഹരിദാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ആലത്തൂരിൽ സ്ക്രാച്ച് ആൻഡ് വിൻ മത്സരമാണെന്നും മുകളിലുള്ളത് സ്ക്രാച്ച് ചെയ്തു കളഞ്ഞാൽ യഥാർഥ വിജയിയെ കണ്ടെത്താമെന്ന് വി ടി ബൽറാം പോസ്റ്റർ പതിച്ച ചിത്രമുൾപ്പെടെ പോസ്റ്റ് ചെയ്തു. പാട്ടു പാടി വോട്ട് ചോദിച്ച രമ്യയെ പരിഹസിച്ച ദീപ നിശാന്തിനോടാണ് പോസ്റ്റർ പതിച്ചതിനെ കുറിച്ച് ഷാഫി പറമ്പിലിന്റെ ചോദ്യം. എന്നാൽ, ഈ സംഭവുമായി സിപിഎമ്മിന് യാതൊരു ബന്ധവുമില്ലെന്നും പ്രസുകളിൽ പോയി കാശ് കൊടുത്താൽ ഏത് പാർട്ടി ചിഹ്നവും അച്ചടിച്ചു കിട്ടുമെന്നും അത് എവിടെ വേണമെങ്കിലും ഒട്ടിക്കാമെന്നും എം സ്വരാജ് ഫെയ്സ്ബുക്കിൽ കുറിച്ചു. ഒരു സിപിഎം പ്രവർത്തകനും കോൺഗ്രസിന്റെ പോസ്റ്ററിന് മുകളിൽ സിപിഎമ്മിന്റെ പോസ്റ്റർ ഒട്ടിച്ചിട്ടില്ലെന്നും അത്തരം കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ കർശനനടപടിയെടുക്കുമെന്നും ആലത്തൂരിലെ ഇടതു സ്ഥാനാർഥി പി കെ ബിജു വ്യക്തമാക്കി. Content Highlights: Poster controversy in Alathur, VT Balram, M Swaraj, Shafi Parambil
from mathrubhumi.latestnews.rssfeed https://ift.tt/2OxM13g
via
IFTTT